ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശാസ്ത്ര കൗണ്‍സിലിന്റെ ശാസ്ത്രപഠന പരിശീലനം

single-img
2 September 2013
ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നതിനും അവരുടെ അറിവു വികസിപ്പിക്കുന്നതിനുമായി കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ പ്രത്യേക പരിശീലന പരമ്പര സംഘടിപ്പിക്കുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ തിരുവനന്തപുരം ഡയറ്റിന്റെ പിന്തുണയോടെ നടപ്പാക്കുന്ന പദ്ധതിയില്‍ സ്‌കൂളുകളിലെ ശാസ്ത്രപാഠങ്ങള്‍ കൂടുതല്‍ സമഗ്രമാക്കി പഠിപ്പിക്കുകയാണു ചെയ്യുന്നത്.
പട്ടം ശാസ്ത്രഭവന്‍ ആഡിറ്റോറിയത്തില്‍ നടക്കുന്ന ഒരു ദിവസം നീളുന്ന ‘ശാസ്ത്രസമീക്ഷ’ എന്ന സെമിനാറോടെ സെപ്റ്റംബര്‍ 28നാണ് പരിശീലനപരമ്പരയ്ക്ക് തുടക്കമാകുക. വിദഗ്ധ ശാസ്ത്രാധ്യാപകര്‍ നയിക്കുന്ന ക്ലാസുകളില്‍ ‘പഠനമുറിയിലേയും വീട്ടിലേയും ശാസ്ത്രം’, ‘വിദ്യാഭ്യാസോപകരണമെന്ന നിലയില്‍ കംപ്യൂട്ടര്‍’, ‘ശാസ്ത്രകല്‍പ്പിതകഥാരചനയുടെ ലോകം’  എന്നീ വിഷയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള ഒമ്പതാംക്ലാസ് വിദ്യാര്‍ഥികകളായ മൂന്നുമുതല്‍ അഞ്ചുവരെ കുട്ടികളേയും ശാസ്ത്രാധ്യാപകരില്‍ ഒരാളെയും ഓരോ സ്‌കൂളിനും നാമനിര്‍ദ്ദേശം ചെയ്യാം. ഒരു ബാച്ചില്‍ 60 കുട്ടികള്‍ക്കു മാത്രമാണ് പ്രവേശനം. താല്‍പര്യമുള്ള സ്‌കൂളുകള്‍ പങ്കെടുക്കുന്നവരുടെ പേരുവിരങ്ങള്‍ പ്രിന്‍സിപ്പല്‍, ഡയറ്റ്, ആറ്റിങ്ങല്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 20നകം എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9447321100