Health & Fitness

ഗുണനിലവാരമില്ലാത്ത പരിശീലനസ്ഥാപനങ്ങള്‍ ആരോഗ്യമേഖലയുടെ ശാപം: ഡോ.മുകുന്ദദാസ്

ഗുണനിലവാരമില്ലാത്ത പരിശീലനസ്ഥാപനങ്ങളുടെ എണ്ണപ്പെരുക്കമാണ് കേരളത്തിലെ ആരോഗ്യസംരക്ഷണമേഖല നേരിടുന്ന പ്രധാന പ്രശ്‌നമെന്ന് പാട്‌നയിലെ ചന്ദ്രഗുപ്ത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഡയറക്ടറും മലയാളിയുമായ ഡോ.വി.മുകുന്ദദാസ് ചൂണ്ടിക്കാട്ടി. ആരോഗ്യമേഖലയെ ദുര്‍ബലമാക്കുന്ന ഇത്തരം പ്രവണതകള്‍ ഇല്ലാതാക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ പദ്ധതികള്‍ ഉണ്ടാക്കേണ്ടതും മികച്ച പ്രൊഫഷണലുകളെ സൃഷ്ടിക്കേണ്ടതും അടിയന്തരാവശ്യമാണെന്നും ഇന്ത്യയിലെ മികച്ച മാനേജ്‌മെന്റ് വിദഗ്ദ്ധരില്‍ ഒരാളായ ഡോ. മുകുന്ദദാസ് പറഞ്ഞു. മെഡിക്കല്‍ കോളജ് ശിശുവികസനകേന്ദ്രത്തിന്റെ രജതജൂബിലി ആഘോഷങ്ങളില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആഗോളതലത്തില്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയില്‍ ആരോഗ്യസംരക്ഷണം ചെലവുകുറഞ്ഞതാണ്. പക്ഷേ, രോഗീപരിചരണത്തിന്റെ ഗുണമേന്മയുടെ കാര്യത്തിലും ആരോഗ്യസേവനങ്ങളുടെ ലഭ്യതയുടെ കാര്യത്തിലും വലിയ വെല്ലുവിളികളാണ് ഇവിടെയുള്ളത്. അടിസ്ഥാനസൗകര്യത്തിന്റെ കാര്യത്തിലും ആള്‍ശേഷിയുടെ കാര്യത്തിലും ആഗോളശരാശരിയേക്കാള്‍ താഴെയാണ് ഇന്ത്യ. 1000 ജനങ്ങള്‍ക്ക് 1.23 ഡോക്ടര്‍മാരെന്നതാണ് ആഗോള ശരാശരിയെങ്കില്‍ ഇന്ത്യയിലത് 0.6 ശതമാനം മാത്രമാണ്. അതേസമയം സ്വകാര്യമേഖലയിലെ നിക്ഷേപം ലോകത്തില്‍തന്നെ ഉയര്‍ന്ന നിരക്കായ 75 ശതമാനമാണ് ഇന്ത്യയിലെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യസംരക്ഷണത്തിന്റെ എല്ലാ മേഖലകളിലും ഗുണനിലവാരമില്ലാത്ത പരിശീലനസ്ഥാപനങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ മുളച്ചുപൊങ്ങുകയാണ്. ഇതുമൂലം പരിശീലനത്തിനുള്ള നിക്ഷേപം പാഴാകുകയും അധ്വാനം ഉല്‍പാദനക്ഷമമല്ലാതാകുകയും ചെയ്യുകയാണെന്ന് കോഴിക്കോട് ഐഐഎം മുന്‍ ഫാക്കല്‍റ്റി കൂടിയായ ഡോ. മുകുന്ദദാസ് പറഞ്ഞു. ഇത് കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലൊട്ടാകെ കണ്ടുവരുന്ന പ്രവണതയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ആരോഗ്യസംരക്ഷണമേഖല സുസ്ഥിരമാക്കേണ്ടതിന്റെ ആവശ്യത്തിലേക്കാണ് ജനസംഖ്യാപരവും സാമ്പത്തികവുമായ ഘടകങ്ങള്‍ വിരല്‍ചൂണ്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പരിശീലനം നേടിയ വിദഗ്ദ്ധരുടെ അഭാവമാണ് ആരോഗ്യസംരക്ഷണസ്ഥാപനങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. മികച്ച മാനേജ്‌മെന്റ് പ്രവര്‍ത്തനത്തില്‍ മനുഷ്യാധ്വാന ആസൂത്രണത്തിന് സുപ്രധാന പങ്കുണ്ട്. ആരോഗ്യമേഖലയില്‍ ജനസംഖ്യക്കനുസരിച്ച് എല്ലാ മേഖലകളിലും അത്യാവശ്യമായ ആള്‍ബലം എത്രയെന്നത് മുന്‍കൂട്ടി കാണണം. അതിന് മാസ്റ്റേഴ്‌സ് ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ പോലുള്ള അക്കാദമിക് കോഴ്‌സുകള്‍ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
രോഗങ്ങളുടെ സ്വഭാവം, പൊതുജനാരോഗ്യപരിപാടികളും പരിമിതികളും, പൊതു-സ്വകാര്യ പങ്കാളിത്ത മേഖലകള്‍ തുടങ്ങിയവ പരിഗണിച്ച് പത്തുവര്‍ഷത്തേക്കുള്ള കാഴ്ചപ്പാടോടുകൂടി കേരളത്തിലെ ആരോഗ്യമേഖലയ്ക്കായി പദ്ധതി ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഡോക്ടര്‍മാര്‍, സ്‌പെഷ്യലിസ്റ്റുകള്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ തുടങ്ങി വ്യത്യസ്ത തലങ്ങളില്‍ ആവശ്യമായ ആള്‍ബലം ഇതിന് പരിഗണിക്കണം.
ആരോഗ്യരക്ഷാ സ്ഥാപനങ്ങള്‍ക്കായി കാര്യക്ഷമവും പ്രായോഗികവുമായ ആശുപത്രി നടത്തിപ്പ് സംവിധാനം (ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് സിസ്റ്റം) വേണം. അതില്ലെങ്കില്‍ ഡോക്ടര്‍ക്കായാലും നഴ്‌സിനായാലും കഴിവിനനുസരിച്ച് പ്രവര്‍ത്തിക്കാനാകില്ല. പരിശീലനം ലഭിച്ച വിദഗ്ദ്ധരുടെയും ഗവേഷകരുടെയും മേല്‍നോട്ടത്തില്‍ സ്വകാര്യ- പൊതു ആശുപത്രികളുടെ മാനേജ്‌മെന്റ് സിസ്റ്റം വിശകലനം ചെയ്യേണ്ട സമയമാണിതെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് എംഎച്ച്എ പോലുള്ള കോഴ്‌സുകള്‍ ആരംഭിക്കുന്നതിനൊപ്പം പാരമെഡിക്കല്‍ ജീവനക്കാരുടെ നൈപുണ്യപരിശോധനയും ഹോം നഴ്‌സുമാര്‍ക്കായി സഹകരണസംവിധാനങ്ങളും ആരംഭിക്കണം. ആശുപത്രികള്‍ക്കും മറ്റും വിദഗ്ദ്ധരേയും ജീവനക്കാരേയും നിയമിക്കാന്‍ ഓണ്‍ലൈന്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ തുറക്കുകയും ചെയ്യണം. പഞ്ചായത്തുതലത്തില്‍ മികച്ച ക്ലിനിക്കുകള്‍ തുടങ്ങി ആശുപത്രി-രോഗി ബന്ധത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ എംഎച്ച്എ കോഴ്‌സുകള്‍ക്കു സാധിക്കും. കേരളത്തിലേയും ഇന്ത്യയിലെപോലും ആരോഗ്യമേഖലയിലെ ഒഴിവുകള്‍ നികത്താന്‍ ഇത്തരമൊരു കോഴ്‌സ് തുടങ്ങുന്നത് സഹായകമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ആരോഗ്യസംരക്ഷണ മേഖല വര്‍ഷം തോറും 15 ശതമാനം വീതം വളര്‍ച്ച നേടുമെന്നാണ് രാജ്യാന്തരതലത്തില്‍ നടന്ന ഒരു പഠനം പറയുന്നത്. അടിസ്ഥാന സൗകര്യ വികസനം, ഉയര്‍ന്നതലത്തിലുള്ള ആരോഗ്യസംരക്ഷത്തിന്റെ വര്‍ധിക്കുന്ന ആവശ്യം, ആവശ്യക്കാരിലെ ബോധവല്‍ക്കരണം, നൂതനമായ ഇന്‍ഷുറന്‍സ് പരിരക്ഷാ പദ്ധതികള്‍, റീ ഇംബേഴ്‌സ്‌മെന്റ് ഉള്‍പ്പെടെയുള്ള സാമ്പത്തിക നയങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിനു സഹായകമാണ്. ചെലവഴിക്കാന്‍ ആവശ്യത്തിനു പണമുള്ള മധ്യവര്‍ഗത്തിന്റെ വളര്‍ച്ചയും ഇന്ത്യയിലെ ആരോഗ്യസംരക്ഷണ വ്യവസായത്തെ വളര്‍ത്തുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നുണ്ടെന്ന് ഡോ.മുകുന്ദദാസ് ചൂണ്ടിക്കാട്ടി.
ത്രിദിന രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശിശുവികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ്, ശൈശവാരോഗ്യം, ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തി.