ഗണേഷിനെ ഉടന്‍ മന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസ് -ബി

single-img
31 August 2013

ganesh-kumarകെ.ബി ഗണേഷ് കുമാറിനെ എത്രയും വേഗം മന്ത്രിസഭയില്‍ ഉള്‍പ്പടുത്തണമെന്ന് കേരള കോണ്‍ഗ്രസ് ബി വീണ്ടും. ഗണേഷിനെ ഇനിയും പുറത്തു നിര്‍ത്തികൊണ്ടു പോകാന്‍ പറ്റില്ലെന്നും ഈ നില തുടര്‍ന്നാല്‍ അത് മുന്നണി ബന്ധം വഷളാക്കുമെന്നും കേരള കോണ്‍ഗ്രസ് ബി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അറിയിക്കും. ഗണേഷിനെ മന്ത്രിയാക്കണമെന്ന ആവശ്യവുമായി രണ്ടു ദിവസത്തിനുള്ളില്‍ മുഖ്യമന്ത്രിയെ കേരള കോണ്‍ഗ്രസ് ബി പ്രതിനിധി സംഘം കാണും. കേരള കോണ്‍ഗ്രസിന് അര്‍ഹതപ്പെട്ട മന്ത്രിസ്ഥാനം ഇനിയും നല്‍കാതിയിരിക്കുന്നത് നീതികരിക്കാനാവില്ല. മന്ത്രിസ്ഥാനം നല്‍കിയില്ലെങ്കില്‍ അടുത്ത പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ മുന്നണിയോടപ്പം കേരള കോണ്‍ഗ്രസ് ബിയ്ക്ക് നില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ട്. പാര്‍ലമെന്റ് തെരഞ്ഞടുപ്പില്‍ യു.ഡി.എഫിന് വേണ്ടി വോട്ടുപിടിയ്ക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ മാനസികമായി ബുദ്ധിമുട്ടുണ്ട്. കെ.ബി ഗണേഷ്‌കുമാര്‍ മന്ത്രിസ്ഥാനം ഒരു പ്രത്യേക സാഹചര്യത്തിലാണ് രാജിവച്ചത്. അതു ഇപ്പോള്‍ നിലനില്‍ക്കുന്നില്ല. ഗണേഷിനെതിരെ ഇപ്പോള്‍ ഒരു പെറ്റിക്കേസ് പോലുമില്ല. പലമന്ത്രിമാരുടേയും പേരില്‍ വിജിലന്‍സ് കേസ് നിലവിലുണ്ട്. അന്വേഷണം നേരിടുന്നവരാണ് മന്ത്രിസഭയില്‍ തുടരുന്നത്. എന്നിട്ടും ഗണേഷിനെ മന്ത്രിയാക്കാനാകില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ല. കേരള കോണ്‍ഗ്രസ് ബിയ്ക്ക് അര്‍ഹതപ്പെട്ട മന്ത്രിസ്ഥാനം ലഭിച്ചേപറ്റുവെന്നും പ്രതിനിധി സംഘം പറയുന്നു.