എസ്പി വേഷം മാറി കയറിയ മണല്‍ ലോറിയില്‍നിന്നു കൈക്കൂലി വാങ്ങി

single-img
29 August 2013

Rahul1.R.Nair-IPS-copy--233x300എസ്പി വേഷം മാറി കയറിയ മണല്‍ലോറിയില്‍നിന്നു നൂറു രൂപ കൈക്കൂലി വാങ്ങിയ എസ്‌ഐയെയും രണ്ടു പോലീസുകാരെയും സസ്‌പെന്‍ഡ് ചെയ്തു. ബുധനാഴ്ച അര്‍ധരാത്രി 12.30ഓടെ ദേശീയപാതയില്‍ തലശേരിക്കു സമീപം മട്ടാമ്പ്രത്തായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്തുനിന്നു ടിപ്പര്‍ ലോറിയിലെത്തിയ കണ്ണൂര്‍ ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍. നായരാണു കൈക്കൂലിക്കാരായ പോലീസുകാരെ കൈയോടെ പിടികൂടിയത്. തലശേരി കണ്‍ട്രോള്‍ റൂം എസ്‌ഐ ബാലകൃഷ്ണന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ചന്ദ്രശേഖരന്‍, പോലീസ് ഡ്രൈവര്‍ സണ്ണി എന്നിവരാണ് എസ്പിയുടെ പിടിയില്‍പ്പെട്ടത്. ലോറിയുടെ ഡ്രൈവര്‍തന്നെയാണു ലോറി ഓടിച്ചിരുന്നത്. ലോറിയില്‍ എസ്പിക്കു പുറമേ മറ്റൊരു പോലീസുകാരന്‍ കൂടി ഉണ്ടായിരുന്നു. യൂണിഫോമിലല്ലാതിരുന്ന എസ്പി തോര്‍ത്തു കഴുത്തില്‍ ചുറ്റിയിരുന്നു. മട്ടാമ്പ്രത്തു വച്ചു പോലീസ് സംഘം കൈകാട്ടി ലോറി തടഞ്ഞപ്പോള്‍ എസ്പിക്കൊപ്പമുണ്ടായിരുന്ന പോലീസുകാരനാണു വണ്ടിയുടെ രേഖകളുമായി ഇറങ്ങിച്ചെന്നത്. മണല്‍ പാസ് അടക്കമുള്ള രേഖകളെല്ലാം ശരിയായിരുന്നെങ്കിലും പോലീസുകാര്‍ പണം ആവശ്യപ്പെടുകയായിരുന്നു. രേഖകളുമായി ചെന്ന പോലീസുകാരന്‍ നൂറു രൂപ നല്‍കുകയും ചെയ്തു. ഇതോടെ എസ്പി ലോറിയില്‍ നിന്നിറങ്ങി. ഉടന്‍തന്നെ തലശേരി സിഐ വിശ്വംഭരന്‍നായരെ വിളിച്ചുവരുത്തി മൂന്നു പേരെയും കസ്റ്റഡിയിലെടുക്കാനും അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. കണക്കില്‍പ്പെടാത്ത 800 രൂപയോളം എസ്‌ഐയില്‍നിന്നു പിടിച്ചെടുത്തു. സിഐ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു മൂന്നു പേരെയും എസ്പി അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കാസര്‍ഗോട്ടുനിന്നു പ്രമോഷനായി അടുത്തനാളിലാണ് എസ്‌ഐ ബാലകൃഷ്ണന്‍ തലശേരിയില്‍ ചുമതലയേറ്റത്.