സോളാര്‍ കേസ് പരിഗണിക്കാനാവില്ലെന്ന് കൊച്ചിയിലെ അഡീഷണല്‍ സിജെഎം എന്‍.വി രാജു

single-img
27 August 2013

Saritha-S-Nair-Newskerala5സോളാര്‍ കേസ് പരിഗണിക്കാനാകില്ലെന്ന് കാണിച്ച് രവിപുരത്തെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന അഡീഷണല്‍ സിജെഎം കോടതി ജഡ്ജി എന്‍. വി രാജു സിജെഎമ്മിന് കത്ത് നല്‍കി. കേസ് തന്റെ പരിഗണനയില്‍ നിന്ന് മാറ്റണമെന്നും കേസ് പരിഗണിക്കാന്‍ തനിക്ക് താല്‍പര്യമില്ലെന്നുമാണ് അഡീഷണല്‍ സിജെഎം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. സരിത രഹസ്യമായി പറഞ്ഞ പരാതി രേഖപ്പെടുത്താഞ്ഞതിലൂടെ എന്‍. വി രാജു നേരത്തെ വിവാദത്തിലായിരുന്നു. ഇതേക്കുറിച്ച് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് കേസ് തന്റെ പരിഗണനയില്‍ നിന്ന് മാറ്റണമെന്ന് മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടത്. എന്നാല്‍ ആവശ്യം തല്‍ക്കാലം പരിഗണിക്കാനാകില്ലെന്നും കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചാല്‍ മാത്രമേ ആവശ്യം പരിഗണിക്കാന്‍ സാധിക്കൂവെന്നും സിജെഎം മറുപടി നല്‍കി.

ജൂലൈ 20 ന് റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ തനിക്ക് ചില കാര്യങ്ങള്‍ പറയാനുണ്‌ടെന്ന് സരിത അഡീഷണല്‍ സിജെഎമ്മിനോട് പറയുകയായിരുന്നു. എന്നാല്‍ മജിസ്‌ട്രേറ്റ് സരിതയുടെ പരാതികള്‍ കേട്ട ശേഷം ഇക്കാര്യം പിന്നീട് വിശദമായി എഴുതി നല്‍കാന്‍ ആവശ്യപ്പെട്ട് വിട്ടയച്ചു. കേസിലെ പ്രതി പറഞ്ഞ കാര്യങ്ങള്‍ രേഖപ്പെടുത്താനോ അപ്പോള്‍ തന്നെ രേഖാമൂലം എഴുതി വാങ്ങാനോ മജിസ്‌ട്രേറ്റ് മുതിര്‍ന്നിരുന്നില്ല. നിയമവൃത്തങ്ങളില്‍ ഇതിനെതിരേ വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. മൊഴി രേഖപ്പെടുത്താതെ കേസിലെ പ്രതികള്‍ക്ക് രക്ഷപെടാനുള്ള അവസരം മജിസ്‌ട്രേറ്റ് നല്‍കിയെന്ന് ആരോപിച്ച് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് സെക്രട്ടറി അഡ്വ. എ. ജയശങ്കര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ എന്നിവര്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷണം ആരംഭിച്ചത്.