പരികര്‍മയാത്ര തടഞ്ഞതിനെച്ചൊല്ലി പാര്‍ലമെന്റില്‍ ബഹളം: സഭാ നടപടികള്‍ തടസപ്പെട്ടു

single-img
26 August 2013

indian-parliamentഅയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് നടത്തിയ പരികര്‍മയാത്ര തടഞ്ഞതിനെച്ചൊല്ലി പാര്‍ലമെന്റില്‍ ബഹളം. ബിജെപി അംഗങ്ങളാണ് ലോക്‌സഭയിലും രാജ്യസഭയിലും വിഷയം ഉന്നയിച്ച് രംഗത്തെത്തിയത്. തുടര്‍ന്നുണ്ടായ ബഹളത്തില്‍ ലോക്‌സഭ ആദ്യം 11.30 വരെയും പിന്നീട് 12 മണി വരെയും നിര്‍ത്തിവെച്ചു. രാജ്യസഭയും 12 മണി വരെ നിര്‍ത്തിവെച്ചു. രാവിലെ തന്നെ ചോദ്യോത്തരവേള നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി നോട്ടീസ് നല്‍കിയിരുന്നു. യോഗി ആദിത്യനാഥ് ആണ് നോട്ടീസ് നല്‍കിയത്. മത ആചാര്യന്‍മാര്‍ക്കെതിരായ നടപടിക്കു പിന്നില്‍ കോണ്‍ഗ്രസാണെന്നും ഇത് നാണക്കേടാണെന്നും അദ്ദേഹം ആരോപിച്ചു. തുടര്‍ന്ന് പാര്‍ലമെന്ററികാര്യമന്ത്രി കമല്‍നാഥ് ഇടപെട്ട് സഭ തുടരാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജിനോട് അഭ്യര്‍ഥിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. പാര്‍ലമെന്റ് നടപടികള്‍ക്ക് തടസമുണ്ടാക്കില്ലെന്ന് ബിജെപി ഉറപ്പു നല്‍കിയിരുന്നതാണെന്നും കമല്‍നാഥ് പറഞ്ഞു. ഇതിനിടെ ബിജെപിക്കെതിരേ സമാജ്‌വാദി പാര്‍ട്ടി അംഗങ്ങളും സഭയില്‍ മുദ്രാവാക്യം വിളികളുമായി രംഗത്തിറങ്ങി. ബഹളം അനിയന്ത്രിതമായതിനെ തുടര്‍ന്ന് രാവിലെ 11.30 വരെ ലോക്‌സഭ ആദ്യം നിര്‍ത്തിവെച്ചു. വീണ്ടും ചേര്‍ന്നപ്പോഴും ബഹളം തുടര്‍ന്നതിനാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ നടപടികള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു.