ഗുസ്തിയിലും ഒത്തുകളി ഉണെ്ടന്നു സുശീല്‍കുമാര്‍

single-img
24 August 2013

Sushil_Kumar_(wrestler)_300ക്രിക്കറ്റ് ഒത്തുകളി വിവാദം കോടതി കയറിയിരിക്കുന്നതിനിടെ ഗുസ്തിയിലും ഒത്തുകളി നടക്കുന്നുണെ്ടന്ന ആരോപണവുമായി ഇന്ത്യയുടെ ഇരട്ട ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍കുമാര്‍ രംഗത്ത്. 2010 ല്‍ മോസ്‌കോയില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ തോറ്റുകൊടുത്താല്‍ കോടിക്കണക്കിനു രൂപ പ്രതിഫലം തരാമെന്ന വാഗ്ദാനവുമായി ഇന്ത്യന്‍ സംഘത്തിലെ ഒരാള്‍ തന്നെ സമീപിച്ചിരുന്നതായി സുശീല്‍ കുമാര്‍ വ്യക്തമാക്കി.

ഒരു ഗുസ്തി താരത്തെ സംബന്ധിച്ചിടത്തോളം വലിയ തുകയായിരുന്നു അത്. കേട്ടപ്പോള്‍ തന്നെ ഞെട്ടിപ്പോയി. എന്നാല്‍, ആരുടേയും പ്രേരണയ്ക്ക് വഴങ്ങാന്‍ താന്‍ ഒരുക്കമല്ലായിരുന്നു. ജയിക്കാന്‍ വേണ്ടി തന്നെ ഫൈനലില്‍ ഇറങ്ങി, സ്വര്‍ണവും നേടി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സുശീല്‍ വ്യക്തമാക്കി. ഒരു ഗുസ്തി താരത്തിന് ആ തുക സ്വപ്നതുല്യമായിരുന്നെങ്കിലും വഴങ്ങാന്‍ തനിക്ക് തോന്നിയില്ലെന്ന് സുശീല്‍ പറഞ്ഞു. തന്റെ കോച്ചിനെയും ഇതിനായി അവര്‍ സമീപിച്ചിരുന്നു.

വിജയശ്രീലാളിതനായി ഗോദയില്‍നിന്നിറങ്ങുമ്പോഴും പിന്നീട് നാട്ടിലെത്തിയപ്പോഴും തനിക്കു ലഭിച്ച സ്വീകരണം കണ്ടപ്പോള്‍ ആ തീരുമാനം ശരിയായിരുന്നുവെന്നു മനസിലായി. ആ മെഡല്‍ തനിക്കല്ല, രാജ്യത്തിനു വേണ്ടിയായിരുന്നു. കുറെ പണം തനിക്കു ലഭിക്കുമായിരുന്നിരിക്കും. പക്ഷേ എന്നെ ഞാനാക്കിയ രാജ്യത്തിന് എന്തു കിട്ടാനാണ്- സുശീല്‍ കുമാര്‍ പറഞ്ഞു.

റഷ്യന്‍ താരമായ അലന്‍ ഗോഗായേവായിരുന്നു ഫൈനലില്‍ സുശീലിന്റെ എതിരാളി. 3-1 നായിരുന്നു സുശീലിന്റെ ജയം.