മുംബൈ കൂട്ടമാനഭംഗ കേസിലെ രണ്ടുപേര്‍ പിടിയില്‍

single-img
23 August 2013

mumbai_gangrape_pti_630മുംബയ് കൂട്ടമാനഭംഗ കേസിലെ രണ്ടാമനും പിടിയിലായി. തെക്കന്‍ മുംബയിലെ ഒരു വീഡിയോ പാര്‍ലറില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പേരുവിവരം വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇനി മൂന്ന് പേരെ കൂടി കിട്ടാനുണ്ട്. മാനഭംഗത്തിനിരയായ വനിതാ മാധ്യമ ഫോട്ടോഗ്രാഫര്‍ മുംബയ് ജസ്‌ലോക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഫെയ്മസ് സ്റ്റുഡിയോയ്ക്ക് സമീപത്തെ ശക്തിമില്‍സിന്റെ ഫോട്ടോ എടുക്കാന്‍ പോയപ്പോഴാണ് ഒരു ഇംഗ്ലീഷ് മാസികയുടെ ഫോട്ടോഗ്രാഫറായ ഇരുപത്തിരണ്ടുകാരി ആക്രമണത്തിന് ഇരയായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ കെട്ടിയിട്ടിട്ടാണ് സംഘം യുവതിയെ ആക്രമിച്ചത്. മില്ലിന്റെ ഫോട്ടോയെടുക്കാന്‍ അനുവാദം വാങ്ങിക്കണമെന്ന് പറഞ്ഞ് അഞ്ചംഗ സംഘം ഇവരെ സമീപത്തെ ഒരു മുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയാണ് ആക്രമിച്ചത്. രാത്രി പത്തു മണിയോടെ ഇവിടെ നിന്നു രക്ഷപ്പെട്ട യുവതി ജസ്‌ലോക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.

സംശയത്തെത്തുടര്‍ന്ന് പോലീസ് ഇരുപത് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്. ഇതില്‍ രണ്ടുപേരെ യുവതി തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പ്രതികളില്‍ രണ്ടുപേര്‍ പരസ്പരം രൂപേഷ് എന്നും സാജിത് എന്നും വിളിക്കുന്നത് കേട്ടുവെന്നും യുവതി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. യുവതിയുടെയും സുഹൃത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അഞ്ചുപ്രതികളുടെ രേഖാചിത്രം തയാറാക്കിയിട്ടുണ്ട്. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍. ആര്‍. പാട്ടീല്‍ ആശുപത്രിയില്‍ യുവതിയെ സന്ദര്‍ശിച്ചു.