ബിഹാറില്‍ ട്രെയിനിടിച്ച് 37 മരണം

single-img
19 August 2013

Trainബിഹാറിലെ ഖഗാരിയ ജില്ലയിലെ ധമാരഘട്ട് സ്റ്റേഷനില്‍ ട്രെയിനിടിച്ച് 37 തീര്‍ഥാടകര്‍ മരിച്ചു. സമസ്തിപുര്‍-സഹര്‍സ പാസഞ്ചറില്‍ വന്നിറങ്ങിയ തീര്‍ഥാടകര്‍ പാളം മുറിച്ചുകടക്കവേ അതിവേഗമെത്തിയ സഹര്‍സ-പാറ്റ്‌ന രാജ്യറാണി എക്‌സ്പ്രസ് ട്രെയിന്‍ ഇടിച്ചുവീഴ്ത്തുകയായിരുന്നു. മരിച്ചവരില്‍ 13 സ്ത്രീകളും നാലു കുട്ടികളും ഉള്‍പ്പെടുന്നു. 25 പേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. അപകടത്തെത്തുടര്‍ന്നു രോഷാകുലരായ പ്രദേശവാസികള്‍ ട്രെയിന്‍ ഡ്രൈവര്‍മാരെ ആക്രമിച്ചു. ഒരു എസി കോച്ചിനും എന്‍ജിനും തീവച്ചു നശിപ്പിച്ച പ്രതിഷേധക്കാര്‍ ധമാരഘട്ട് സ്റ്റേഷനു കേടു വരുത്തി. ഏതാനും ജീവനക്കാരെ തടഞ്ഞുവച്ചു.

ഇന്നലെ രാവിലെ 8.33 ന് മധേപുര-സമസ്തിപുര്‍ പാസഞ്ചര്‍ ട്രെയിനും 8.48ന് സമസ്തിപുര്‍-മധേപുര പാസഞ്ചര്‍ ട്രെയിനും ധമാരഘട്ട് സ്റ്റേഷനിലെത്തി. രാജ്യറാണി എക്‌സ്പ്രസിനു കടന്നുപോകാനായി ഇരു പാസഞ്ചര്‍ ട്രെയിനുകളും സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്നു. ആ സമയം പ്ലാറ്റ്‌ഫോമില്ലാത്ത വശത്തേക്കു ചില യാത്രക്കാര്‍ ഇറങ്ങി. അതിനിടെ 8.50ന് രാജ്യറാണി എക്‌സ്പ്രസ് ധമാരഘട്ട് സ്റ്റേഷന്‍ വഴി കടന്നുവന്നു. ചിലയാളുകള്‍ ട്രാക്കില്‍ നില്‍ക്കുന്നതു കണ്ട് ബ്രേക്കിട്ടെങ്കിലും അപകടമൊഴിവാക്കാനായില്ല. രാജ്യറാണി എക്‌സ്പ്രസിനു ധമാരഘട്ടില്‍ സ്റ്റോപ്പുണ്ടായിരുന്നില്ല.