ചുവന്ന ബീക്കണ്‍ ലൈറ്റ് ബ്രട്ടീഷ് ഭരണകാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നു; സുപ്രീം കോടതി

single-img
19 August 2013

red_beacon-398_081311125354വിഐപി വാഹനങ്ങളില്‍ ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കുന്നതു ബ്രിട്ടീഷ് ഭരണകാലത്തെ ഓര്‍മിപ്പിക്കുന്നതാണെന്ന് സുപ്രീം കോടതി. വിഐപികള്‍ക്കു നല്‍കിയിട്ടുള്ള സുരക്ഷ സംവിധാനങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പുനഃപരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഔദ്യോഗിക വാഹനങ്ങളില്‍ ബീക്കണ്‍ ഘടിപ്പിച്ചാല്‍ ഉദ്യോഗസ്ഥരുടെ ജോലി ചെയ്യാനുള്ള പ്രാപ്തി കൂടുമോ എന്നും കോടതി ആരാഞ്ഞു. ഭരണഘടനാ പദവിയില്‍ ഇരിക്കുന്നവര്‍ മാത്രം ബീക്കണ്‍ വച്ചാല്‍ മതിയെന്നും ജസ്റ്റീസുമാരായ ജി.എസ്. സിംഗ്‌വി, വി ഗോപാല ഗൗഡ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. ഹൈക്കോടതി ജഡ്ജിയുടെ മേല്‍നോട്ടത്തിലായിരിക്കണം പരിശോധന. ആര്‍ക്കൊക്കെയാണ് ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാനുള്ള അനുമതിയുള്ളതെന്ന് വ്യക്തമായി നിര്‍വചിക്കണമെന്നും സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, സുപ്രീംകോടതി ചീഫ് ജസ്റ്റീസ്, ലോക്‌സഭാ സ്പീക്കര്‍, ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രിമാര്‍, നിയമസഭാ സ്പീക്കര്‍മാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റീസുമാര്‍, മന്ത്രിമാര്‍, ആംബുലന്‍സ്, പൊലീസ് എന്നിവരുടെ വാഹനങ്ങളില്‍ മാത്രമേ ബീക്കണ്‍ ഘടിപ്പിക്കാവൂ എന്നു വ്യക്തമാക്കിയ കോടതി, ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ബീക്കണ്‍ വയ്ക്കാന്‍ അനുമതി നല്‍കിയ ഉത്തരവ് പിന്‍വലിക്കാനും ഉത്തരവിട്ടു.