8 കോര്‍ പ്രോസസറുമായി സാംസങ്‌ ഗാലക്‌സി നോട്ട്‌ III ഇന്ത്യയിലെത്തും

single-img
16 August 2013

ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ്‌ ഭീമനായ സാംസങ്‌ ഉടന്‍ വിപണിയില്‍ അവതരിപ്പിക്കാനിരിക്കുന്ന ഗാലക്‌സി നോട്ട്‌ III നെ കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പുറത്തായി. കമ്പനിയുടെ ഏറ്റവും അവസാനമിറങ്ങിയ സ്‌മാര്‍ട്ട്‌ഫോണായ ഗാലക്‌സി എസ്‌ 4 നു സമാനമായി വ്യത്യസ്‌തമായ രണ്ടു പതിപ്പുകളിലായിരിക്കും നോട്ട്‌ III എത്തുന്നത്‌. 8 കോര്‍ പ്രോസസര്‍ ആദ്യ പതിപ്പിനു കരുത്തു പകരുമ്പോള്‍ ക്വാഡ്‌ കോര്‍ പ്രോസസറുമായാണ്‌ രണ്ടാം പതിപ്പെത്തുന്നത്‌. വിവിധ രാജ്യങ്ങളിലെ വിപണികളെ ലക്ഷ്യമിട്ടാണ്‌ ഇത്‌. 4ജി സൗകര്യം ഇനിയും എത്താത്ത ഇന്ത്യന്‍ വിപണിയിലെത്തുന്നത്‌ 8 കോര്‍ പ്രോസസര്‍ (മോഡല്‍ നമ്പര്‍ : SM – N9005) പതിപ്പാണ്‌. എന്നാല്‍ 4ജി സേവനം ലഭ്യമായ രാജ്യങ്ങളില്‍ 2.3 GHz ക്വാഡ്‌ പ്രോസസറുമായി (മോഡല്‍ നമ്പര്‍ : SM – N9000) ഗാലക്‌സി നോട്ട്‌ III എത്തും.
രണ്ടും പതിപ്പുകളും ലഭ്യമാകുന്ന രാജ്യങ്ങളില്‍ ആദ്യമെത്തുന്നത്‌ ക്വാഡ്‌ പ്രോസസര്‍ പതിപ്പായിരിക്കും. ചൈനയില്‍ ഡ്യുവല്‍ സിം സൗകര്യമുള്ള 8 കോര്‍ പ്രോസസര്‍ പതിപ്പാണ്‌ സാംസങ്‌ അവതരിപ്പിക്കാനിരിക്കുന്നത്‌.
ബെര്‍ലിനില്‍ നടക്കാനിരിക്കുന്ന ഇന്റര്‍നാഷണല്‍ ഫിസ്‌കല്‍ അസോസിയേഷന്‍ (ഐഎഫ്‌എ) 2013 ന്റെ ആദ്യ ദിനമായ സെപ്‌റ്റംബര്‍ 4 നായിരിക്കും ഗാലക്‌സി നോട്ട്‌ III സാംസങ്‌ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക. ആന്‍ഡ്രോയിഡ്‌ 4.3 (ജെല്ലി ബീന്‍) ഓപ്പറേറ്റിങ്‌ സിസ്റ്റത്തില്‍ 5.7 ഇഞ്ച്‌ സ്‌ക്രീന്‍ വലിപ്പത്തിലുള്ളതായിരിക്കും പുതിയ ഗാലക്‌സി നോട്ട്‌ എന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. 3 ജിബി റാം മെമ്മറിയും 13 മെഗാ പിക്‌സല്‍ ക്യാമറയും നോട്ട്‌ III യില്‍ ഉണ്ടാകുമെന്നാണ്‌ റിപ്പോര്‍ട്ട്‌.