സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും; മുഖ്യമന്ത്രി

single-img
13 August 2013

Oommen_Chandy_2013_3സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയെ കൊണ്ട് കേസ് അന്വേഷിപ്പിക്കാനാണ് തീരുമാനം. രാവിലെ ചേര്‍ന്ന അടിയന്തര യുഡിഎഫ് യോഗത്തിനു ശേഷമാണ് അദ്ദേഹം നിലപാട് പ്രഖ്യാപിച്ചത്. എന്നാല്‍ നിലവില്‍ പ്രത്യേക അന്വേഷണ സംഘം കേസില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം മാത്രമേ അന്വേഷണം പ്രഖ്യാപിക്കൂ. രണ്ടു കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ശേഷിക്കുന്ന അഞ്ചു കേസുകളില്‍ വെള്ളിയാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. ഇതിനു ശേഷം അടുത്ത മന്ത്രിസഭാ യോഗത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് എല്ലാ കേസുകളിലും അന്വേഷണം പൂര്‍ത്തിയായി. നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കും. പ്രതിപക്ഷം ചര്‍ച്ചയ്ക്ക് സന്നദ്ധരായാല്‍ അവരുമായി ചര്‍ച്ച നടത്തി അവരുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തി പരിഗണനാ വിഷയങ്ങള്‍ നിശ്ചയിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടുതരണമെന്ന് ചീഫ് ജസ്റ്റീസിനോട് പ്രത്യേകം അഭ്യര്‍ഥിക്കുമെന്നു വ്യക്തമാക്കിയ ഉമ്മന്‍ ചാണ്ടി തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ സമര പരിപാടികള്‍ പിന്‍വലിക്കണമെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ഥിക്കുകയും ചെയ്തു.