പിതൃമോക്ഷ പ്രാപ്തി തേടി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്തി

single-img
6 August 2013

Baliഇന്ന് കര്‍ക്കിടകവാവ്. പിതൃമോക്ഷ പ്രാപ്തി തേടി ആയിരങ്ങള്‍ ബലി തര്‍പ്പണം നടത്തി. പുലര്‍ച്ചെ മുതല്‍ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി നിരവധി പേരാണ് പൂര്‍വ്വീകരുടെ ആത്മശാന്തിക്കായി ബലിയിടാന്‍ എത്തുന്നത്.

പെരിയാര്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്ന് ക്ഷേത്രം മുങ്ങിയിരിക്കുന്നതിനാല്‍ ആലുവ ശിവക്ഷേത്രത്തിന് സമീപത്തെ റോഡിലാണ് ബലിതര്‍പ്പണ ചടങ്ങുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പുലര്‍ച്ചെ 3.30 നു ഇവിടെ ബലി തര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് ബലിതര്‍പ്പണത്തിനെത്തിയ ആളുകളുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടുണ്ട്.

പിതൃതര്‍പ്പണത്തിന് കീര്‍ത്തികേട്ട തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തില്‍ ഒമ്പത് മണ്ഡപങ്ങളിലായി ഒരേസമയം മൂവായിരംപേര്‍ക്ക് ബലിയിടാനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടണ്ട്. ബലിക്ക് കാര്‍മ്മികത്വം വഹിക്കുന്നതിനായി അറുപതോളം കാര്‍മികരെയും നിയമിച്ചിട്ടുണ്ട്.

വര്‍ക്കല പാപനാശത്ത് ബലിയിടാനെത്തുന്നവര്‍ക്ക് സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ സംയുക്തമായി അടിസ്ഥനസൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അപകടാവസ്ഥയിലുളള നടപ്പാലം പുതുക്കിപ്പണിതു. വഴികളില്‍ ഫ്‌ളഡ്‌ലൈറ്റുകള്‍ സ്ഥാപിച്ചു. തിലഹവനത്തിനായി പ്രത്യേക കൗണ്ടറുകള്‍ ഒരുക്കിയിട്ടുണ്ട്.