മഴ ശക്തമായി: തൊടുപുഴയില്‍ ഉരുള്‍പൊട്ടി അമ്മയെയും കുഞ്ഞിനേയും കാണാതായി

single-img
4 August 2013

05tvko1_flood_1_263212gസംസ്ഥാനത്ത് മഴ ശക്തമായി. തൊടുപുഴ മലയിഞ്ചിയില്‍ ഉരുള്‍പൊട്ടി അമ്മയേയും കുഞ്ഞിനേയും കാണാതായി. പൂമറ്റത്തില്‍ ബീന നാലു വയസുള്ള മകന്‍ എന്നിവരെയാണ് കാണാതായത്. നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ തുടരുന്നു. രാത്രി ഉരുള്‍പൊട്ടല്‍ ഉണ്ടായ മേഖലിയിലാണ് വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് പലയിടത്തും മണ്ണിടിച്ചില്‍ മൂലവും വെള്ളം പൊങ്ങിയും ഗതാഗതം തടസപ്പെട്ടു. വണ്ടിപ്പെരിയാറില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് കൊല്ലം-തേനി ദേശീയപാതയില്‍ ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. മൂന്നാറിന് സമീപം രണ്ടാം മൈലിലും മണ്ണിടിഞ്ഞുവീണ് ദേശീയപാതയിലെ ഗതാഗതം തടസപ്പെട്ടു. മാട്ടുപ്പെട്ടിയിലും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുണ്ട്. തൃശൂര്‍-ആനമല-അതിരപ്പള്ളി റോഡില്‍ മരം വീണ് ഗതാഗതതടസമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഞായറാഴ്ച ഉച്ചക്ക് ആരംഭിച്ച കനത്തമഴക്ക് തിങ്കളാഴ്ച രാവിലെയോടെ അല്‍പം ശമനം ഉണ്ടായിടുണ്ട്. എന്നിരുന്നാലും ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ഭീഷണികള്‍ ഒഴിഞ്ഞിട്ടില്ല. അതേസമയം സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്ന് റവന്യുമന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ശവസംസ്‌കാരത്തിനു പതിനായിരം രൂപ നല്‍കും. ഇടുക്കി ജില്ലയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. ഇടുക്കിയിലെ ദുരിതബാധിത പ്രദേശങ്ങള്‍ ഇന്നുതന്നെ സന്ദര്‍ശിക്കുമെന്നും അടൂര്‍ പ്രകാശ് കൂട്ടിച്ചേര്‍ത്തു. ധനസഹായം ഒരുതടസവും കൂടാടെ ദുരിതബാധിതര്‍ക്ക് ലഭിക്കുന്നതിനുള്ള എല്ലാനടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.