ബോസ് കൃഷ്ണമാചാരിയുടെ ‘മാക്‌സിമം നാനോ’: ലേലം ഉറപ്പിച്ചത് 13 ലക്ഷത്തിന്

single-img
1 August 2013
കൊച്ചി: കൊച്ചി-മുസ്സിരിസ് ബിനാലെയുടെ ഭാഗമായി ബോസ് കൃഷ്ണമാചാരി തയ്യാറാക്കിയ ആര്‍ട്ട് കാര്‍ ലേലത്തില്‍ പോയത് 13,01,402 രൂപയ്ക്ക്. മാക്‌സിമം നാനോ’ എന്ന പേരില്‍ ഇന്‍സ്റ്റലേഷനായി സഫ്രോണാര്‍ട്ട് വെബ് സൈറ്റിലാണ് ശ്രീ ബോസ് കൃഷ്മണമാചാരി ബിനാലെയില്‍ പെയിന്റ് ചെയ്ത നാനോ കാര്‍  ലേലത്തിനു വച്ചത്. തിങ്കളാഴ്ച രാത്രി എട്ടിന് ആരംഭിച്ച ഓണ്‍ലൈന്‍ ബിഡ്ഡിംഗ് ചൊവ്വാഴ്ച രാത്രി 8.30 വരെ നീണ്ടു. ലേലത്തില്‍ ലഭിച്ച തുക ബിനാലെയുടെ നടത്തിപ്പുകാരായ കൊച്ചി ബിനാലെ ഫൗണ്ടേഷന് കൈമാറും.
സെറീന്‍ വൈറ്റ് നിറമുള്ള ടാറ്റാ നാനോ കാറില്‍ ‘സ്‌ട്രെച്ഡ് ബോഡീസ്’ എന്ന അമൂര്‍ത്തചിത്രപരമ്പരയില്‍പെട്ട പെയിന്റിംഗാണ് ശ്രീ ബോസ് കൃഷ്ണമാചാരി വരച്ചിരിക്കുന്നത്. കൊച്ചിയിലെ കോഫി ബീന്‍സും തിരുവനന്തപുരത്തെ ലാ ഗ്യാലറി 360യും ചേര്‍ന്ന് ബിനാലെയ്ക്ക് സംഭാവന നല്‍കിയ കാര്‍ തന്റെ കയ്യൊപ്പു ചാര്‍ത്തി നടന്‍ ശ്രീ മോഹന്‍ലാലാണ് ശ്രീ ബോസ് കൃഷ്ണമാചാരിക്ക് കൈമാറിയത്. ഫെബ്രുവരി അവസാനം കാറില്‍ ചിത്രം വരച്ച് ബിനാലെയില്‍ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് ഇടപ്പള്ളിയിലെ ലുലു മാളിലായിരുന്നു ഈ കാര്‍ പ്രദര്‍ശനത്തിനു വച്ചിരുന്നത്. 
മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രധാന ലേലകേന്ദ്രങ്ങളിലൊന്നായ സഫ്രോണാര്‍ട്ടിന്റെ നിയമപ്രകാരം ലേലത്തില്‍ വിജയിച്ച ആളുടെ പേര് വെളിപ്പെടുത്താനാകില്ലെന്ന് ബിനാലെ ഫൗണ്ടേഷന്‍ ഹെഡ് ഓഫ് പ്രോഗ്രാംസ് ആന്‍ഡ് ഡിജിറ്റല്‍ ഡവലപ്‌മെന്റ് ശ്രീ ശ്വേതള്‍ പട്ടേല്‍ പറഞ്ഞു. 
സാധാരണക്കാരന്റെ കാര്‍ എന്ന നിലയിലാണ് നാനോ തെരഞ്ഞെടുത്തതെന്നും ഈ ആര്‍ട് കാറിന്റെ രൂപകല്‍പനയ്ക്കായി പരമാവധി നിറങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും മലയാളിയും ലോകപ്രശസ്ത ചിത്രകാരനുമായ ശ്രീ ബോസ് കൃഷ്ണമാചാരി പറഞ്ഞു. ഓട്ടോമോട്ടീവ് പെയിന്റ് ഉപയോഗിച്ചു ചിത്രം വരച്ച കാര്‍ നിറം മങ്ങാതിരിക്കാന്‍ ലാമിനേറ്റ് ചെയ്തിട്ടുമുണ്ട്.