വിലനിയന്ത്രണം: കണ്‍സ്യൂമര്‍ഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണപിന്തുണയെന്ന് മുഖ്യമന്ത്രി

single-img
1 August 2013
കണ്‍സ്യൂമര്‍ഫെഡിന്റെ റംസാന്‍ വിപണിയുടെ ആദ്യ വില്‍പന തിരുവനന്തപുരത്ത് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കുന്നു. ആരോഗ്യ വകുപ്പു മന്ത്രി ശ്രീ. വി.എസ്.ശിവകുമാര്‍, കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് അഡ്വ. ജോയി തോമസ്, സഹകരണ വകുപ്പു മന്ത്രി ശ്രീ സി.എന്‍.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം

കണ്‍സ്യൂമര്‍ഫെഡിന്റെ റംസാന്‍ വിപണിയുടെ ആദ്യ വില്‍പന തിരുവനന്തപുരത്ത് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കുന്നു. ആരോഗ്യ വകുപ്പു മന്ത്രി ശ്രീ. വി.എസ്.ശിവകുമാര്‍, കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് അഡ്വ. ജോയി തോമസ്, സഹകരണ വകുപ്പു മന്ത്രി ശ്രീ സി.എന്‍.ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം: പൊതുവിപണിയിലെ വിലക്കയറ്റം തടയാന്‍ കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാരിന്റെ പൂര്‍ണപിന്തുണയുണ്ടാകുമെന്ന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി അറിയിച്ചു. തിരുവനന്തപുരം എല്‍എംഎസ് കോമ്പൗണ്ടില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ നേതൃത്വത്തിലുള്ള സഹകരണ ഓണം – റംസാന്‍ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
ന്യായമായ വിലയ്ക്ക് ഗുണമേന്മയുള്ള നിത്യോപയോഗസാധനങ്ങള്‍ സാധാരണക്കാരിലെത്തിക്കുകയാണ് ഇത്തരം വിപണികളിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിലകുറവാണെന്ന കാരണത്താല്‍ നിലവാരമില്ലാത്ത സാധനങ്ങള്‍ വിതരണം ചെയ്യില്ല. ന്യായവിലയും സാധനത്തിന്റെ ഗുണമേന്മയും ഒരുപോലെ പ്രാധാന്യമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു.
വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികള്‍ക്ക് സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കും. സിവില്‍സപ്ലൈസ്, ഹോര്‍ട്ടികോര്‍പ്പ്, കണ്‍സ്യൂമര്‍ഫെഡ് എന്നീ സ്ഥാപനങ്ങള്‍ അവരവരുടെ മേഖലയില്‍ ക്രിയാത്മകമായി പ്രവര്‍ത്തിച്ച് പൊതുവിപണിയില്‍ ഇടപെടുകയാണ്. അതിനാവശ്യമായ പണം സര്‍ക്കാര്‍ നല്‍കും. അങ്ങിനെ നല്‍കുന്ന തുക വേണ്ടവിധത്തില്‍ വിനിയോഗിക്കാന്‍ കണ്‍സ്യൂമര്‍ഫെഡിനു സാധിച്ചിട്ടുണ്ടെന്നും അക്കാര്യത്തില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ ഭാരവഹികളെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സഹകരണമന്ത്രി ശ്രീ സി.എന്‍. ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. മറ്റു ജില്ലകളിലും നിയോജകമണ്ഡലം ആസ്ഥാനങ്ങളിലും നാളെ മുതല്‍ കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണ വിപണികള്‍ തുറക്കുമെന്നും അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രി ശ്രീ വി.എസ് ശിവകുമാര്‍, കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് അഡ്വ. ജോയി തോമസ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ കുര്യന്‍ ജോയി, സഹകരണ വകുപ്പ് സെക്രട്ടറി ഡോ.വി.എം.ഗോപാലമേനോന്‍, സഹകരണസംഘം രജിസ്ട്രാര്‍ ശ്രീ. കെ.ഗോപാലകൃഷ്ണഭട്ട്, കണ്‍സ്യൂമര്‍ഫെഡ് വൈസ് പ്രസിഡന്റ് ശ്രീ.എന്‍.സുദര്‍ശന്‍, തിരുവനന്തപുരം നഗരസഭ പ്രതിപക്ഷനേതാവ് ശ്രീ. ജോണ്‍സണ്‍ ജോസഫ്, കൗണ്‍സിലര്‍ ശ്രീമതി ലീലാമ്മ ഐസക്ക് എന്നിവര്‍ പ്രസംഗിച്ചു. കണ്‍സ്യൂമര്‍ഫെഡ് എം.ഡി ഡോ.റിജി ജി. നായര്‍ സ്വാഗതവും ഡയറക്ടര്‍ ശ്രീമതി മോളി സ്റ്റാന്‍ലി നന്ദിയും പറഞ്ഞു.
14 ജില്ലാ കേന്ദ്രങ്ങളിലും 140 നിയോജകമണ്ഡല ആസ്ഥാനങ്ങളിലും 45 ദിവസമാണ് വിപണി പ്രവര്‍ത്തിക്കുക. ഓഗസ്റ്റ് ഒന്നുമുതല്‍ 10 വരെ 3000 റംസാന്‍ വിപണിയും സെപ്റ്റംബര്‍ ഒന്നു മുതല്‍ 15 വരെ 4000 ഓണം വിപണികളും തുറക്കും. ഈ വിപണികള്‍ വഴി 13 ഇനം നിത്യോപയോഗസാധനങ്ങളാണ് 30 ശതമാനം വരെ വിലകുറച്ചു നല്‍കുന്നത്. റംസാന്‍ വിപണികളില്‍ ഇവയ്‌ക്കൊപ്പം റംസാന്‍ കിറ്റും ലഭ്യമാകും. ഓണ വിപണികളില്‍ പായസ കിറ്റും ലഭ്യമാകും.
ത്രിവേണിയുടെ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും മെഗാമാര്‍ട്ടും, നീതി സ്റ്റോര്‍, നന്മ സ്‌റ്റോറുകള്‍, സഹകരണ സ്ഥാപനങ്ങളും സംഘങ്ങളും നടത്തുന്ന നീതി സ്‌റ്റോറുകളും നന്മ സ്റ്റോറുകളും, സര്‍വ്വീസ് സഹകരണ സംഘങ്ങളുടെ ചില്ലറ വില്‍പന യൂണിറ്റുകള്‍ എന്നിവിടങ്ങളിലാണ് റംസാന്‍, ഓണം വിപണികള്‍ പ്രവര്‍ത്തിക്കുക.

അരി ഇനങ്ങളായ ജയ, കുറുവ, മട്ട, പച്ചരി എന്നിവയ്ക്ക് കിലോഗ്രാമിന് 21 രൂപ വീതവും പഞ്ചസാരയ്ക്ക് 26 രൂപയും ചെറുപയറിന് 55 രൂപയും കടലയ്ക്കും തുവര പരിപ്പിനും 45 രൂപ വീതവും ഉഴുന്നിന് 42 രൂപയും വന്‍പയറിന് 35 രൂപയും മല്ലിക്ക് 60 രൂപയും മുളകിന് 55 രൂപയും പിരിയന്‍ മുളകിന് 76 രൂപയും വെളിച്ചെണ്ണയ്ക്ക് 62 രൂപയുമാണ് ഈ വിപണികളിലെ വില. പായ്ക്ക് ചെയ്ത ഇനങ്ങള്‍ സബ്‌സിഡി നിരക്കില്‍ നല്‍കുമ്പോള്‍ പായ്ക്കിംഗ് ചെലവിനത്തില്‍ 50 പൈസ അധികം നല്‍കണം. 400 രൂപയ്ക്കു ലഭ്യമാകുന്ന റംസാന്‍ കിറ്റില്‍ ബിരിയാണി അരി (കൈമ, കോല), അര കിലോഗ്രാം ഡാല്‍ഡ, ആട്ടയും മൈദയും റവയും പച്ചരിപ്പൊടിയും ഒരു കിലോ വീതവും, അര കിലോ ഈന്തപ്പഴം, തേയിലയും മല്ലിപ്പൊടിയും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും 250 ഗ്രാം വീതവും ഉണ്ടാകും. പായസക്കിറ്റില്‍ അരിയട, പാലട, സേമിയ എന്നീ പായസങ്ങള്‍ക്കുള്ള സാധനങ്ങളാണ് ഉണ്ടാകുക.
ഒരു കുടുംബത്തിന് ഒരാഴ്ചത്തേക്ക് പച്ചരി രണ്ടു കിലോയും മറ്റ് അരിയിനങ്ങളില്‍ ഏതെങ്കിലും ഒന്ന് ആറു കിലോയും നല്‍കും. പഞ്ചസാര, കടല, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക് എന്നിവ ഓരോ കിലോ വീതവും വെളിച്ചെണ്ണ ഒരു ലിറ്ററും, ചെറുപയറും ഉഴുന്നും മല്ലിയും അര കിലോഗ്രാം വീതവുമാണ് നല്‍കുന്നത്. റേഷന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രമാണ് സബ്‌സിഡി വിലയ്ക്ക് നിത്യോപയോഗസാധനങ്ങള്‍ ലഭ്യമാക്കുക. കൂടുതല്‍ അംഗങ്ങളുള്ള വലിയ കുടുംബങ്ങള്‍ക്ക് ആനുപാതികമായ അളവില്‍ സാധനങ്ങള്‍ കൂട്ടിക്കൊടുക്കും. ഞായറാഴ്ചകളിലും വിപണികള്‍ പ്രവര്‍ത്തിക്കും.