തെലുങ്കാന പിറവികൊള്ളുന്നു

single-img
31 July 2013

telangana-mapരാജ്യത്തെ 29-ാമതു സംസ്ഥാനമായി തെലുങ്കാന പിറവികൊള്ളുന്നു. ഇന്നലെ വൈകുന്നേരം ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയാണ് തെലുങ്കാനയുടെ രൂപീകരണം സംബന്ധിച്ച സുപ്രധാനതീരുമാനം കൈക്കൊണ്ടത്. ആന്ധ്രപ്രദേശിനെ വിഭജിച്ചു രൂപീകരിക്കുന്ന തെലുങ്കാനയുടെയും ശിഷ്ടസംസ്ഥാനമായ ആന്ധ്രയുടെയും തലസ്ഥാനം പ ത്തുവര്‍ഷത്തേക്കു ഹൈദരാബാദ് ആയിരിക്കും. ഭരണഘടനാനുസൃതമായി നിശ്ചിത സമയപരിധിക്കുള്ളില്‍ സംസ്ഥാനം രൂപീകരിക്കണമെന്നു പ്രമേയത്തിലൂടെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. ആറുമാസത്തിനകം സംസ്ഥാനരൂപീകരണം പൂര്‍ത്തിയാകും. വിഷയം ചര്‍ച്ച ചെയ്യാ ന്‍ ഇന്നു കേന്ദ്രമന്ത്രിസഭയുടെ പ്രത്യേകയോഗം ചേരും. ആന്ധ്രപ്രദേശിലെ 23 ജില്ലകളില്‍ പത്തെണ്ണമാണു പുതിയ സംസ്ഥാനത്തിനു കീഴില്‍വരുക. ആഡിലാബാദ്, കരിംനഗര്‍, ഖമ്മം, മെഹ്ബൂബ് നഗര്‍, മേഡക്, നല്‍ഗൊണ്ട, നിസാമാബാദ്, രംഗറെഡ്ഡി, വാറംഗല്‍ ജില്ലകള്‍ക്കുപുറമേ ഹൈദരാബാദും പുതിയ സംസ്ഥാനത്തിന്റെ ഭാഗമാകും. 42 ലോക്‌സഭാ സീറ്റുകളും 294 നിയമസഭാ സീറ്റുകളുമാണ് ഐക്യ ആന്ധ്രയിലുള്ളത്. 17 ലോക്‌സഭാ സീറ്റും 119 നിയമസഭാ സീറ്റുകളും തെലുങ്കാനയില്‍ ഉണ്ടാകും. ആന്ധ്രയുടെ 41 ശതമാനത്തോളം വരുന്ന പ്രദേശമാണു തെലുങ്കാനയില്‍ വരുക. സംസ്ഥാനത്തെ ജനസംഖ്യയുടെ 40.54 ശതമാനം തെലുങ്കാന മേഖലയിലാണ്. സംസ്ഥാനവരുമാനത്തിന്റെ 76 ശതമാനവും ഇവിടെ നിന്നുള്ളതാണ്.