ഫിറോസിന്റെ ജാമ്യാപേക്ഷ തള്ളി; പിന്നാലെ കീഴടങ്ങി

single-img
19 July 2013

Firosസാമ്പത്തിക തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ പിആര്‍ഡി മുന്‍ ഡയറക്ടര്‍ എ.ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടു പിന്നാലെ ഫിറോസ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ജാമ്യാപേക്ഷ തള്ളിയാല്‍ ഫിറോസ് കീഴടങ്ങുമെന്ന് നേരത്തെ അഭിഭാഷകന്‍ മുഖേന പോലീസിനെ അറിയിച്ചിരുന്നു. ഫിറോസ് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന്‍ പരിസരത്ത് തന്നെയുണ്ടായിരുന്നു. സിറ്റി പോലീസ് കമ്മീഷണര്‍ ഓഫീസില്‍ ഫിറോസ് കീഴടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. ഇതേതുടര്‍ന്ന് വന്‍ മാധ്യമപടയും കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ തമ്പടിച്ചിരുന്നു. പോലീസിനെയും മാധ്യമങ്ങളെയും വെട്ടിച്ചാണ് ഫിറോസ് മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ കീഴടങ്ങിയത്. കീഴടങ്ങുന്നതിന് മുന്‍പ് ഫിറോസിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലായിരുന്നു പോലീസ്. ബൈക്കില്‍ ഹെല്‍മറ്റ് ധരിച്ച് മെഡിക്കല്‍ കോളജ് സ്റ്റേഷന് മുന്നിലെത്തിയ ഫിറോസ് നേരെ പോലീസ് സ്റ്റേഷനിലേക്ക് കയറുകയായിരുന്നു. ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് സശീത് ചന്ദ്രനാണ് ഹര്‍ജി തള്ളിയത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാനും ഹൈക്കോടതി ഫിറോസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ശനിയാഴ്ച രാവിലെ 10ന് മുന്‍പ് കീഴടങ്ങണമെന്നാണ് കോടതി ഉത്തരവിട്ടത്.