ആറ്റിങ്ങല്‍ ബാങ്ക് കവര്‍ച്ച: മൂന്നു പ്രതികള്‍ പിടിയില്‍

single-img
19 July 2013

popularആറ്റിങ്ങല്‍ പോപ്പുലര്‍ ഫൈനാന്‍സില്‍ നിന്നും ജീവനക്കാരെ കെട്ടിയിട്ട് രണ്ടു കിലോ സ്വര്‍ണവും അഞ്ചു ലക്ഷം രൂപയും കവര്‍ച്ച ചെയ്ത കേസില്‍ മൂന്നു പ്രതികളെ ആറ്റിങ്ങല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വെഞ്ഞാറമൂട് സ്വദേശി സഫയര്‍, തൊടുപുഴ സ്വദേശി ഉമൈദ്, തമിഴ്‌നാട് സ്വദേശി ചെല്ലപാണ്ഡ്യന്‍ എന്നിവരാണ് പോലീസിന്റെ കസ്റ്റഡിയിലുള്ളത്. മോഷ്ടിച്ച അരകിലോ സ്വര്‍ണവും 58000 രൂപയും പോലീസ് കണെ്ടടുത്തിട്ടുണ്ട്. ഇവരുടെ സഹായികളായ രണ്ടു പേര്‍ തമിഴ്‌നാട്ടില്‍ ഒളിവിലാണ്. ഇവരെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം തമിഴ്‌നാട്ടില്‍ അന്വേഷണം നടത്തുകയാണ്. ഇക്കഴിഞ്ഞ മാസം ജൂണ്‍ 15 ന് രാവിലെയാണ് പോപ്പുലര്‍ ഫൈനാന്‍സില്‍ കവര്‍ച്ച നടന്നത്. മാനേജരെയും വനിതാ ജീവനക്കാരേയും കെട്ടിയിട്ട ശേഷം ലോക്കറില്‍ സൂക്ഷിച്ചിരിക്കുകയായിരുന്ന രണ്ട് കിലോയോളം തൂക്കം വരുന്ന സ്വര്‍ണവും അഞ്ച് ലക്ഷം രൂപയും മോഷ്ടാക്കള്‍ അപഹരിക്കുകയായിരുന്നു. പ്രതികളുടെ മുഖം ഫൈനാന്‍സിലെ സിസിടിവിയില്‍ പതിഞ്ഞെങ്കിലും ഇവരെ കണെ്ടത്താനായില്ല. കഴിഞ്ഞദിവസം സിസിടിവി ദൃശ്യങ്ങളില്‍ കാണപ്പെട്ട ഒരാളിനെക്കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിക്കുകയും ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് കവര്‍ച്ചയുടെ ചുരുള്‍ അഴിഞ്ഞത്. വെഞ്ഞാറമൂട് സ്വദേശി സഫയറാണ് കവര്‍ച്ചയുടെ സൂത്രധാരനെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരം. പ്രതികളെ പിടികൂടിയ വിവരം പോലീസ് ശനിയാഴ്ച പത്രസമ്മേളനം നടത്തി ഔദ്യോഗികമായി പുറത്ത് വിടും.