എഐവൈഎഫ് പ്രവര്‍ത്തകയെ മര്‍ദ്ദിച്ച കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍

single-img
17 July 2013

Uthanസോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് നടത്തിയ മാര്‍ച്ചിനിടെ എഐവൈഎഫ് വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി അംഗം ബിന്ദു രാജനെ മര്‍ദ്ദിച്ച കേസില്‍ ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് പോലീസിന്റെ പിടിയിലായതായി സൂചന. യൂത്ത് കോണ്‍ഗ്രസ് കോട്ടയം പുതുപ്പള്ളി മണ്ഡലം സെക്രട്ടറി സന്തോഷ് പീറ്ററാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡിന്റെ പിടിയിലായത്. ബുധനാഴ്ച അര്‍ധരാത്രിയില്‍ കോട്ടയത്തെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്. ഇന്നു വൈകുന്നേരത്തോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. ഇയാളെ പിടികൂടിയ വിവരം പോലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഇന്നു വൈകുന്നേരത്തോടെ അറസ്റ്റ് വിവരം മാധ്യമങ്ങളെ അറിയിക്കും. ഇക്കഴിഞ്ഞ ജൂലൈഎട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയ എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ഒരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വടികളുമായെത്തി മര്‍ദ്ദിക്കുകയായിരുന്നു.