മോഡിയെക്കാണാന്‍ അഞ്ചുരൂപ; സംഭവം വിവാദമാകുന്നു

single-img
16 July 2013

narendra-modi1ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ യോഗത്തില്‍ പങ്കെടുക്കുന്നതിന് അഞ്ചു രൂപ ഈടാക്കാനുള്ള തീരുമാനത്തിനെതിരേ പരിഹാസവുമായി കോണ്‍ഗ്രസ്. മോഡിയുടെ യഥാര്‍ഥ മൂല്യം അഞ്ചു രൂപയാണെന്നു കോണ്‍ഗ്രസ് നേതാവും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രിയുമായ മനീഷ് തിവാരി ട്വിറ്ററില്‍ കുറിച്ചു. അതേസമയം, മോഡിയുടെ ജനസമ്മതി കോണ്‍ഗ്രസിനു ദഹിക്കുന്നില്ലെന്നു ബിജെപി തിരിച്ചടിച്ചു. ”ബാബാ പ്രവചന്‍ ടിക്കറ്റ് 100 മുതല്‍ ഒരു ലക്ഷം രൂപവരെയാണ്. പൂര്‍ണപരാജയമായ സിനിമ കാണുന്നതിനു പോലും 200 മുതല്‍ 500 വരെ രൂപ മുടക്കണം. എന്നാല്‍, മുഖ്യമന്ത്രിയുടെ പ്രസംഗത്തിനു കേവലം അഞ്ചു രൂപ. യഥാര്‍ഥമൂല്യം അതുതന്നെ”-തിവാരി പരിഹസിച്ചു. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിംഗ് എന്നിവര്‍ പങ്കെടുക്കുന്ന റാലികള്‍ക്ക് ഫീസ് ഈടാക്കില്ലെന്നു കേന്ദ്ര ധനമന്ത്രി പി. ചിദംബരം ജയ്പുരില്‍ പറഞ്ഞു. ഒരു നേതാവിന്റെ മൂല്യം എത്രയാണെന്ന കാര്യത്തില്‍ താന്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോഡിയുടെ റാലിക്ക് അഞ്ചു രൂപ ഫീസ് ഈടാക്കുമെന്ന വാര്‍ത്തയോടു പ്രതികരിക്കുകയായിരുന്നു ചിദംബരം.