കൂടംകുളം ആണവനിലയത്തില്‍ അണുവിഘടനം തുടങ്ങി

single-img
15 July 2013

koodam-kulam-2012-09-09-22-03-08_orകൂടംകുളം ആണവനിലയത്തിലെ ഒന്നാമത്തെ ആണവ റിയാക്ടര്‍ ഇന്നലെ രാത്രി അണു വിഘടനത്തിനാവശ്യമായ അവസ്ഥ (ക്രിറ്റിക്കാലിറ്റി) കൈവരിച്ചതോടെ അണുവിഘടന പ്രക്രിയ ആരംഭിച്ചു. ശനിയാഴ്ച രാത്രി 11.05 ഓടെ റിയാക്ടര്‍ ഒന്നില്‍ അണുവിഘടനം ആരംഭിച്ചതായി കൂടംകുളം ന്യൂക്ലിയര്‍ പവര്‍ പ്രോജക്ട് ഡയറക്ടര്‍ കെ.ആര്‍. സുന്ദര്‍ പറഞ്ഞു. അണുവിഘടനം ശരിയായ രീതിയില്‍ നടന്നാല്‍ 30- 45 ദിവസ ത്തില്‍ കൂടംകുളത്തുനിന്ന് 400 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യന്‍ സഹകരണത്തോടെ നിര്‍മിച്ച വിവിഇആര്‍ ഇരട്ട ആണവവൈദ്യുത നിലയത്തിലെ ഒന്നാമത്തെ യൂണിറ്റാണു പ്രവര്‍ത്തിച്ചു തുടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.59 ഓടെയാണു റിയാക്ടറിലെ നിയന്ത്രണ ദണ്ഡുകള്‍ നീക്കിയത്. ആറ്റമിക് റെഗുലേറ്ററി അഥോറിറ്റിയുടേയും ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെയും റഷ്യയില്‍ നിന്നുള്ള വിദഗ്ധരുടെയും മേല്‍നോട്ടത്തിലാണു റിയാക്ടറിലെ പ്രവര്‍ത്തനങ്ങള്‍. കൂടംകുളം ആണവ നിലയത്തിനെതിരേ ആണവ വിരുദ്ധ സമതിപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ പ്രതിഷേധത്തിലാണ്.