ഇന്ത്യയ്ക്ക് കിരീടം

single-img
12 July 2013

dhoniധോണിയുടെ ഇന്നിംഗ്‌സ് മികവില്‍ ത്രിരാഷ്ട്ര പരമ്പര ഇന്ത്യ നേടി. ഫൈനലില്‍ ഒരു വിക്കറ്റിനാണ് ശ്രീലങ്കയെ തോല്‍പ്പിച്ചത്. ശ്രീലങ്കയുടെ 202 റണ്‍സ് രണ്ടു പന്തുകള്‍ ശേഷിക്കേ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 45 റണ്‍സോടെ ധോണിയും രണ്ടു റണ്‍സോടെ ഇഷാന്ത് ശര്‍മ്മയും പുറത്താകാതെ നിന്നു. അത്യന്തം ആവേശം നിറഞ്ഞ ഫൈനലില്‍ അവസാന ഓവറില്‍ ഇന്ത്യയ്ക്ക് കിരീടത്തിനായി വേണ്ടത് 15 റണ്‍സ്. ഷാമിന്ത എറങ്ക എറിഞ്ഞ ആദ്യ പന്തില്‍ ധോണിക്ക് റണ്‍സ് നേടാന്‍ കഴിഞ്ഞില്ല. രണ്ടാം പന്തില്‍ ലോംഗ് ഓണിന് മുകളിലൂടെ കൂറ്റന്‍ സിക്‌സര്‍ നേടിയ ധോണി മൂന്നാം പന്തില്‍ ഫോറും നാലാം പന്തില്‍ സിക്‌സും നേടി ഇന്ത്യയ്ക്ക് കിരീടം സമ്മാനിച്ചു. ധോണി-ഇഷാന്ത് ശര്‍മ്മ സഖ്യം അവസാന വിക്കറ്റില്‍ 21 റണ്‍സ് നേടി. ധോണിയാണ് മാന്‍ ഓഫ് ദ മാച്ച്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ രോഹിത് ശര്‍മ്മ നേടിയ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. 89 പന്ത് നേരിട്ട രോഹിത് അഞ്ച് ഫോറും ഒരു സിക്‌സും അടക്കം 58 റണ്‍സ് നേടി. സുരേഷ് റെയ്‌ന 32, ദിനേശ് കാര്‍ത്തിക്ക് 23 എന്നിവരും ബാറ്റിംഗില്‍ തിളങ്ങി. ലങ്കയ്ക്ക് വേണ്ടി രങ്കന ഹെരാത്ത് നാല് വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലങ്ക 48.5 ഓവറില്‍ 201 റണ്‍സിന് എല്ലാവരും പുറത്തായി.