ഡല്‍ഹി കൂട്ടമാനഭംഗം: ആദ്യവിധി 25ന്

single-img
12 July 2013

delhi-rape-crisisഡല്‍ഹിയില്‍ ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗം ചെയ്തതുമായി ബന്ധപ്പെട്ട കേസിലെ ആദ്യവിധി 25നു പുറപ്പെടുവിക്കും. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറു പേരിലുള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കെതിരായ വിധി പ്രഖ്യാപനം ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡാണു നടത്തുക. കൂട്ടമാനഭംഗം നടക്കുന്നതിനു മുമ്പുണ്ടായ കവര്‍ച്ചക്കേസില്‍ ഇവര്‍ തന്നെ പ്രതികളായതിനാല്‍ അതിന്റെ വിധി 25 നു നടത്താന്‍ നിശ്ചയിച്ച സാഹചര്യത്തിലാണ് ഇന്നലെ നടത്തുമെന്ന് അറിയിച്ചിരുന്ന വിധി പ്രഖ്യാപനം മാറ്റിയത്. കഴിഞ്ഞ ഡിസംബര്‍ 16നു രാത്രിയിലാണു ഡല്‍ഹി നഗരത്തില്‍ സുഹൃത്തിനൊപ്പം സിനിമ കണ്ടു മടങ്ങുകയായിരുന്ന വിദ്യാര്‍ഥിനിയെ ആറംഗ സംഘം ബസില്‍വച്ചു മാനഭംഗപ്പെടുത്തിയത്. സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷമാണു പ്രതികള്‍ ക്രൂരകൃത്യം നിര്‍വഹിച്ചത്. സംഭവം നടക്കുമ്പോള്‍ ഒരു പ്രതിക്കു 18 വയസ് തികഞ്ഞിരുന്നില്ല. തുടര്‍ന്നാണ് ഇയാള്‍ക്കെതിരായ കേസ് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന്റെ പരിഗണനയ്ക്കു വിട്ടത്. ഇയാള്‍ക്കെതിരായ ആരോപണങ്ങളെക്കുറിച്ചു ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് അന്വേഷണം നടത്തി. പ്രിന്‍സിപ്പല്‍ മജിസ്‌ട്രേറ്റ് ഗീതാഞ്ജലി ഗോയലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണം ഈ മാസം അഞ്ചിനു പൂര്‍ത്തിയായിരുന്നു.