ശാലു മേനോന്‍ അറസ്റ്റില്‍

single-img
6 July 2013

shalu-menon-110സോളാര്‍ തട്ടിപ്പു കേസില്‍ നടി ശാലുമേനോനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെ ചങ്ങനാശേരിയിലെ വീട്ടില്‍ നിന്നു കസ്റ്റഡിയിലെടുത്ത ശാലുവിനെ വൈകുന്നേരം 6.30 നു തിരുവനന്തപുരം എഡിജിപി ഓഫീസിലെത്തിച്ച് ഒന്നേമുക്കാല്‍ മണിക്കൂറോളം ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രത്യേക അന്വേഷണ സംഘത്തലവന്‍ എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. വനിതാ സെല്ലിലേക്കു മാറ്റിയ ശാലുവിനെ ഇന്നു കോടതിയില്‍ ഹാജരാക്കുമെന്ന് എഡിജിപി അറിയിച്ചു. സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ടു തിരുവനന്തപുരം മണക്കാട് സ്വദേശി റാഫിഖ് അലി തമ്പാനൂര്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പരാതിയിന്മേല്‍ തമ്പാനൂര്‍ പോലീസ് കേസെടുത്തിരുന്നു. സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ ബിജു രാധാകൃഷ്ണന്‍ തന്റെ കൈയില്‍ നിന്ന് 75 ലക്ഷം രൂപ തട്ടിയെടുത്തെന്നും ഇതില്‍ 25 ലക്ഷം രൂപ വാങ്ങാന്‍ ബിജു രാധാകൃഷ്ണന്‍ വീട്ടിലെത്തിയപ്പോള്‍ ശാലു മേനോനും ഒപ്പമുണ്ടായിരുന്നു എന്നുമാണു റാഫിഖ് അലി അന്വേഷണ സംഘത്തിനു നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ശാലുവിനെതിരേ കേസെടുത്തത്. ചങ്ങനാശേരിയിലെ വീട്ടില്‍ നിന്നു സ്വന്തം കാറിലാണു ശാലുവിനെ തിരുവനന്തപുരത്തെ എഡിജിപിയുടെ ഓഫീസിലെത്തിച്ചത്. ശാലുവിന്റെ ഡ്രൈവറാണ് കാറോടിച്ചിരുന്നത്. വിന്‍ഡ് ഗ്ലാസുകളില്‍ സണ്‍ഫിലിം ഒട്ടിച്ചിട്ടുള്ള കെഎല്‍ 33 ബി 386 എന്ന രജിസ്‌ട്രേഷന്‍ നമ്പറുള്ള മാരുതി സ്വിഫ്റ്റ് കാറിലാണു ശാലു എഡിജിപിയുടെ ഓഫീസിലെത്തിയത്.