മുന്‍ ഐ.ജി ലക്ഷ്മണ ജയില്‍ മോചിതനായി

single-img
5 July 2013

നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്ന മുന്‍ ഐ.ജി.ആര്‍. ലക്ഷ്മണ വെള്ളിയാഴ്ച രാവിലെ ആറു മണിയോടെ ജയില്‍മോചിതനായി.75 വയസ്സ് തികഞ്ഞവരും

ആരോഗ്യം ക്ഷയിച്ചവരുമായ തടവുപുള്ളികളെ ശിക്ഷാകാലാവധി കഴിയുന്നതിന് മുമ്പ് വിട്ടയയ്ക്കാമെന്ന കേരള ജയില്‍ നിയമത്തിലെ ചട്ടങ്ങള്‍ പ്രകാരമാണ് ലക്ഷ്മണ (79) ജയിൽ മോചിതനാകുന്നത്.

നക്‌സല്‍ വര്‍ഗീസിനെ അറസ്റ്റ് ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസില്‍ രണ്ടാം പ്രതിയാണ് ലക്ഷ്മണ. ലക്ഷ്മണ കുറ്റക്കാരനാണെന്ന് പ്രത്യേക സിബിഐ കോടതിയാണ് വിധിച്ചത്.

1970 ഫിബ്രവരി 18ന് അന്ന് ഡിവൈഎസ്പിയായിരുന്ന ലക്ഷ്മണയുടെയും ഡിഐജി ആയിരുന്ന വിജയന്റെയും നിര്‍ദേശപ്രകാരം ഒന്നാം പ്രതി കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ വെടിവെച്ച് വര്‍ഗീസിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. രാമചന്ദ്രന്‍ നായര്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചതിനാല്‍ വിചാരണ നേരിട്ടില്ല.

അതേസമയം, നക്‌സല്‍ വര്‍ഗീസിനെ വധിച്ചതില്‍ തനിക്ക് പങ്കില്ലെന്ന് ലക്ഷ്മണ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. വര്‍ഗീസിനെ വധിക്കാന്‍ താന്‍ ഉത്തരവിട്ടിട്ടില്ല. സംഭവസ്ഥലത്ത് താനുണ്ടെന്ന് വരുത്തി തീര്‍ത്തതില്‍ ഗൂഡാലോചനയുണ്ട്. പിന്നില്‍ പ്രവര്‍ത്തിച്ചത് ഗ്രോ വാസുവാണ്. സിബിഐ കോടതിയുടെ വിധിയില്‍ ദുരൂഹതയുണ്ട്. കേസില്‍ പുനരന്വേഷണം വേണമെന്നും ലക്ഷ്മണ ആവശ്യപ്പെട്ടു.