കെ. മുരളീധരന്‍ ഡല്‍ഹി യാത്ര മാറ്റിവെച്ചു

single-img
2 July 2013

K. Muraleedharanകെ. മുരളീധരന്‍ ഡല്‍ഹിയാത്ര മാറ്റിവെച്ചു. ചൊവ്വാഴ്ച ഡല്‍ഹിയിലെത്തി പാര്‍ട്ടി അധ്യക്ഷ സോണിയാഗാന്ധി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നായിരുന്നു മുരളി അറിയിച്ചിരുന്നത്. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ വിവാദങ്ങള്‍ ഒഴിവാക്കാന്‍ താന്‍ യാത്ര മാറ്റിവെയ്ക്കുകയാണെന്ന് അദ്ദേഹം വിശദീകരിച്ചു. സോളാര്‍ വിവാദവും ലീഗ്-കോണ്‍ഗ്രസ് തര്‍ക്കവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അദ്ദേഹം സോണിയയുമായി ചര്‍ച്ച നടത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന ഐ ഗ്രൂപ്പിലേക്ക് അടുത്തിടെയാണ് മുരളി വിഭാഗം മടങ്ങിയെത്തിയത്. ഈ സാഹചര്യത്തില്‍ മുരളിയുടെ യാത്രയ്ക്ക് ഏറെ രാഷ്ട്രീയ പ്രാധാന്യവും ഉണ്ടായിരുന്നു. അതിനിടെ വഴിപോക്കര്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല ലീഗെന്ന കെപിഎ മജീദിന്റെ വാക്കുകള്‍ക്കും മുരളി മറുപടി നല്‍കി. ദിവസക്കൂലിക്കാര്‍ക്ക് മറുപടി പറയാനില്ലെന്നും ലീഗിനെ ആരും കൊട്ടിയിട്ടില്ലെന്നും മുരളി തിരിച്ചടിച്ചു. കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ഉണ്‌ടെങ്കില്‍ പരിഹരിക്കാന്‍ അറിയാമെന്നും മുരളി കൂട്ടിച്ചേര്‍ത്തു. രമേശ് ചെന്നിത്തല ലീഗിനെതിരേ നടത്തിയ പ്രസ്താവനയെ മുരളി നേരത്തെ ന്യായീകരിച്ചിരുന്നു.