ഉത്തരാഖണ്ഡ്: അവശേഷിക്കുന്നത് 500 പേര്‍

single-img
1 July 2013

uttaraപ്രളയം ശ്മശാനഭൂമിയാക്കിയ ഉത്തരാഖണ്ഡില്‍ ഒറ്റപ്പെട്ടുപോയ ഇരുനൂറോളംപേരെ ഇന്നലെ രക്ഷപ്പെടുത്തി. ദുരന്തഭൂമിയില്‍ ഇനി 500 പേര്‍ മാത്രമാണു കുടുങ്ങിക്കിടക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. അതേസമയം, കാണാതായ മൂവായിരത്തിലധികം പേരെക്കുറിച്ച് അധികൃതര്‍ മൗനം തുടരുകയാണ്. കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ് അവഗണിച്ചതു ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചെന്ന ആരോപണം സര്‍ക്കാര്‍ ഖണ്ഡിച്ചു. മുന്നറിയിപ്പു കിട്ടിയതിനു പിന്നാലെ ജനങ്ങളെ സുരക്ഷിതകേന്ദ്രങ്ങളിലെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്തുവെന്നു സര്‍ക്കാര്‍ പറഞ്ഞു. കനത്ത പേമാരിയുണ്ടാകുമെന്നും നാലുദിവസത്തേക്കു തീര്‍ഥാടകരെ നിയന്ത്രിക്കണമെന്നുമായിരുന്നു ദുരന്തത്തിനു മൂന്നുദിവസം മുമ്പു സംസ്ഥാന കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കിയത്. നാലു പ്രമുഖ തീര്‍ഥാടന കേന്ദ്രങ്ങളിലേക്കുള്ള ചാര്‍ധാം യാത്ര നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടിരുന്നുവെന്നും ഉത്തരാഖണ്ഡ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ ആനന്ദ് ശര്‍മ പറഞ്ഞിരുന്നു.