ഉത്തരാഖണ്ഡ്: രക്ഷാദൗത്യം അന്ത്യഘട്ടത്തില്‍

single-img
28 June 2013

uttaraകലിതുള്ളിയ പ്രകൃതിക്കു മുന്നില്‍ കീഴടങ്ങിയ ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലേക്ക്. പ്രളയത്തെത്തുടര്‍ന്നു പലയിടത്തായി ഒറ്റപ്പെട്ടുപോയ നൂറുകണക്കിനുപേര്‍ ഇനിയും രക്ഷകാത്ത് ഉത്തരാഖണ്ഡിലുണ്ട്. മോശംകാലാവസ്ഥയെത്തുടര്‍ന്ന് ഹെലികോപ്റ്ററില്‍ ആളുകളെ സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റാന്‍ സൈന്യം ബുദ്ധിമുട്ടുകയാണ്. ബദല്‍സംവിധാനമെന്ന നിലയില്‍ വാഹനങ്ങളിലാണ് ആളുകളെ രക്ഷപ്പെടുത്തുന്നത്. ഇന്നലെ രാവിലെ ആറരയോടെതന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. എന്നാല്‍, മഴ പലതവണ രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തി. ഉച്ചയോടെ ദുരിതാശ്വാസക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവരെ ബദരിനാഥില്‍നിന്ന് ജോഷിമഠിലേക്കു മാറ്റിത്തുടങ്ങി. 43 കിലോമീറ്ററോളം വരുന്ന റോഡ് വാഹനങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ദുരിതാശ്വാസ ക്യാമ്പുകളില്‍നിന്നു പോകുന്നവര്‍ക്ക് ആത്മധൈര്യം പകര്‍ന്നും സഹായം നല്‍കിയും സൈനികര്‍ ഒപ്പമുണ്ട്. കഴിഞ്ഞ 12 ദിവസമായി പെയ്യുന്ന കനത്ത മഴയെത്തുടര്‍ന്നു ദുരിതജീവിതം തുടര്‍ന്ന ആളുകളെ വ്യോമസേനയും കരസേനയും അര്‍ധസൈനികരും ചേര്‍ന്നു സാഹസികമായി ജീവിതത്തിലേക്കു കൊണ്ടുവരികയായിരുന്നു. പ്രളയത്തെത്തുടര്‍ന്നു പലയിടങ്ങളിലായി കുടുങ്ങിക്കിടന്ന ഒരുലക്ഷത്തോളം ആളുകളെയാണു സൈനികര്‍ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇന്നു പൂര്‍ത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ വിശദീകരണം.