തെറ്റയില്‍ വിവാദം: നിര്‍ണായക തെളിവുകള്‍ കാണാതായി

single-img
28 June 2013

jose-thettayilജോസ് തെറ്റയില്‍ എംഎല്‍എയ്‌ക്കെതിരായ ലൈംഗികാരോപണക്കേസിലെ നിര്‍ണായക തെളിവുകള്‍ അപ്രത്യക്ഷമായി. ദൃശ്യങ്ങള്‍ പകര്‍ത്തിയ വെബ് ക്യാമറയും ലാപ്‌ടോപ്പും കാണാനില്ല. ചാനലുകള്‍ സംപ്രേഷണം ചെയ്ത എഡിറ്റ് ചെയ്ത വീഡിയോ തന്നെയാണ് യുവതി പോലീസിനും നല്‍കിയത്. വീഡിയോ തന്റെ കൈയില്‍ നിന്നും നഷ്ടപ്പെട്ടുവെന്നാണ് യുവതി പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. തെളിവുകള്‍ കണ്‌ടെത്താന്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.

കഴിഞ്ഞ ഞായറാഴ്ച യുവതി ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തിയപ്പോള്‍ തന്നെ ലോക്കല്‍ പോലീസ് പൂര്‍ണ വീഡിയോ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് യുവതി ദൃശ്യങ്ങള്‍ നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന് കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് യുവതി ദൃശ്യങ്ങള്‍ കൈമാറിയത്. എന്നാല്‍ ഇത് കോടതിയില്‍ എത്തി പരിശോധിച്ചപ്പോഴാണ് ചാനലുകള്‍ക്ക് നല്‍കിയ ദൃശ്യങ്ങള്‍ തന്നെയാണ് പോലീസിനും കൈമാറിയതെന്ന് വ്യക്തമായത്. തുടര്‍ന്ന് യുവതിയോട് യഥാര്‍ഥ ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടങ്കിലും തന്റെ കൈവശം ഇല്ലെന്നായിരുന്നു മറുപടി. ദൃശ്യങ്ങള്‍ എവിടെ എന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായ മൊഴികളുമാണ് യുവതി നല്‍കിയിരിക്കുന്നത്.

അതിനിടെ തെറ്റയിലിനെതിരേ യുവതി നല്‍കിയ പരാതി പിന്‍വലിപ്പിക്കാനും വിവിധ കോണുകളില്‍ സമ്മര്‍ദ്ദം തുടങ്ങിയിട്ടുണ്ട്. കേസില്‍ തെറ്റയിലിനെ മനപൂര്‍വം കുടുക്കുകയായിരുന്നുവെന്ന് അദ്ദേഹത്തോട് അടുപ്പമുണ്ടായിരുന്നവര്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കി. മകന്‍ ആദര്‍ശുമായി യുവതിക്കുണ്ടായിരുന്ന ബന്ധം വിവാഹത്തിലെത്താന്‍ സമ്മതിക്കാതിരുന്നത് തെറ്റയിലായിരുന്നതു കൊണ്ട് അദ്ദേഹത്തെ മനപൂര്‍വം കുടുക്കുകയായിരുന്നുവെന്നും സുഹൃത്തുക്കളും ബന്ധുക്കളും മൊഴി നല്‍കിയിട്ടുണ്ട്. യുവതിയെ തെറ്റയിലിന്റെ മകന് വിവാഹമാലോചിച്ചിരുന്നതായും എന്നാല്‍ യുവതി തെറ്റയിലിനെ ബ്ലാക്‌മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്നുമാണ് മൊഴി. വിവാഹാലോചനയ്ക്ക്് മധ്യസ്ഥം വഹിച്ചവരാണ് പ്രത്യേക അന്വേഷണസംഘത്തിന് മൊഴി നല്‍കിയത്.