മുന്‍മന്ത്രി എ.സി ഷണ്‍മുഖദാസ് അന്തരിച്ചു

single-img
28 June 2013

ac_shanmughadasമുന്‍മന്ത്രി എ.സി ഷണ്‍മുഖദാസ് അന്തരിച്ചു. 74 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം. ഏഴു തവണ എംഎല്‍എയും മൂന്നു തവണ മന്ത്രിയുമായിരുന്നു. നാളെ വൈകിട്ട് അഞ്ചിന് മാവൂര്‍ റോഡിലെ വൈദ്യുതി ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക. മൃതദേഹം ബാലുശേരിയിലും കോഴിക്കോട് ടൗണ്‍ ഹാളിലും പൊതുദര്‍ശനത്തിന് വെയ്ക്കും.

ഒന്‍പതേകാലോടെയായിരുന്നു അന്ത്യം. ഉച്ചയോടെയാണ് അദ്ദേഹത്തെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വൈകുന്നേരത്തോടെ നില വഷളാകുകയായിരുന്നു. എന്‍സിപി മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്നു. ബാലുശേരി നിയമസഭാ മണ്ഡലത്തില്‍ നിന്ന് 1970 ലാണ് ഷണ്‍മുഖദാസ് ആദ്യമായി നിയമസഭയിലെത്തിയത്. തുടര്‍ന്ന് 2006 വരെ ആറു തവണ അദ്ദേഹം മണ്ഡലത്തെ പ്രതിനിധീകരിച്ചു.

കോണ്‍ഗ്രസിലൂടെയായിരുന്നു ഷണ്‍മുഖദാസിന്റെ രാഷ്ട്രീയ പ്രവേശനം. 1970 ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭയിലെത്തിയ കോണ്‍ഗ്രസിന്റെ യുവനേതാക്കളില്‍ ഒരാളായിരുന്നു ഷണ്‍മുഖദാസ്. പിന്നീട് ദീര്‍ഘകാലം കോണ്‍ഗ്രസില്‍ തന്നെ പ്രവര്‍ത്തിച്ച അദ്ദേഹം ആന്റണിക്കൊപ്പമാണ് കോണ്‍ഗ്രസ് വിട്ടത്. പിന്നീട് ആന്റണിയും കൂട്ടരും കോണ്‍ഗ്രസിലേക്ക് മടങ്ങിയെങ്കിലും ഷണ്‍മുഖദാസ് ഇടതുപാളയത്തില്‍ തന്നെ നിലനില്‍ക്കുകയായിരുന്നു.

1987 ലെയും 96 ലെയും നായനാര്‍ മന്ത്രിസഭയില്‍ ആരോഗ്യ, കായിക വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.