ജോപ്പന്‍ അറസ്റ്റില്‍

single-img
28 June 2013

tenny-joppanമുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പന്‍(37) അറസ്റ്റില്‍. ഇന്നലെ വൈകുന്നേരം അഞ്ചോടെ എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. ചോദ്യംചെയ്യലിനായി ഇന്നലെ രാവിലെ പതിനൊന്നോടെ ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഓഫീസില്‍ വിളിച്ചുവരുത്തിയ ജോപ്പനെ അഞ്ചുമണിക്കൂര്‍ വിശദമായി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടത്തിയതെന്ന് എഡിജിപി ഹേമചന്ദ്രന്‍ മാധ്യമങ്ങളോടു പറഞ്ഞു. അറസ്റ്റിലായ ടെന്നി ജോപ്പനെ ഇന്നു പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘത്തിനു നേതൃത്വം നല്കുന്ന ചെങ്ങന്നൂര്‍ ഡിവൈഎസ്പി പ്രസന്നന്‍ നായര്‍ പറഞ്ഞു.

കോന്നി മല്ലേലില്‍ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമ കോന്നി മല്ലേലില്‍ ശ്രീധരന്‍നായര്‍ കോന്നി പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. പാലക്കാട് കിന്‍ഫ്രാ പാര്‍ക്കില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിക്കാനായി 2012 മേയ് മാസത്തില്‍ 40 ലക്ഷം രൂപ സരിത എസ്. നായരും ബിജു രാധാകൃഷ്ണനും ചേര്‍ന്നു ശ്രീധരന്‍ നായരില്‍നിന്നു വാങ്ങിയിരുന്നു. കൂടുതല്‍ വിശ്വാസ്യത ലഭിക്കാന്‍ സരിത എസ്. നായര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ശ്രീധരന്‍ നായരെ കൊണ്ടുപോയി ടെന്നി ജോപ്പനെ കണ്ടു സംസാരിച്ചിരുന്നു. ജോപ്പനുമായുള്ള ഇടപെടലുകള്‍ക്ക് ഒടുവിലാണ് 40 ലക്ഷം രൂപ മൂന്നു ബാങ്ക് ചെക്കുകളായി സരിതയ്ക്കു നല്കിയത്.

പണം നല്കിയതിനുശേഷം പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ടു യാതൊരു നീക്കവും ഉണ്ടായില്ല. ഇതേത്തുടര്‍ന്നു കോന്നി പോലീസില്‍ പരാതി നല്കി. പരാതിക്കാരനായ ശ്രീധരന്‍ നായരെ എഡിജിപി ഇന്നലെ വിളിച്ചുവരുത്തി വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞിരുന്നു.