വീണ്ടും കനത്ത മഴയും മണ്ണിടിച്ചിലും; രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു

single-img
25 June 2013

uttaraകനത്ത മഴയും മണ്ണിടിച്ചിലും വീണ്ടും തുടങ്ങിയതോടെ ഉത്തരാഖണ്ഡിലെ ദുരന്തഭൂമിയില്‍ രക്ഷാപ്രവര്‍ത്തനം ഇന്നലെ മന്ദഗതിയിലായി. ചമോലി, രുദ്രപ്രയാഗ് ജില്ലകളിലെ ഉയര്‍ന്നപ്രദേശങ്ങളില്‍ പതിനായിരക്കണക്കിനു തീര്‍ഥാടകര്‍ ഇനിയും രക്ഷകാത്തു ദുഷ്‌കരമായ സാഹചര്യങ്ങളില്‍ കഴിയുന്നു. അടുത്ത മൂന്നുദിവസം അതിശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ് രക്ഷാപ്രവര്‍ത്തനത്തിനു പുതിയ തന്ത്രം രൂപീകരിക്കുന്നതിന് അധികൃതരെ നിര്‍ബന്ധിതരാക്കി. പ്രതികൂല കാലാവസ്ഥ തുടരുന്നതിനിടെ ഇന്നലെ വിവിധ സേനാവിഭാഗങ്ങള്‍ 3675 പേരെ രക്ഷപ്പെടുത്തി. രുദ്രപ്രയാഗിലേക്കുള്ള പ്രധാന വഴിയില്‍ വ്യാപകമായ മണ്ണിടിച്ചിലാണ് ഉണ്ടായത്. പൂര്‍ണമായും ഒറ്റപ്പെട്ട കേന്ദ്രങ്ങളില്‍ ആളുകള്‍ ഉണേ്ടായെന്ന സംശയവും മൃതദേഹങ്ങള്‍ ഉണെ്ടന്ന സന്ദേഹവും നിലനില്‍ക്കുന്നു. ഗുപ്തകാശിയിലും ഗൗച്ചറിലും സ്ഥിതി വ്യത്യസ്തമല്ല. ബദരിനാഥില്‍ മാത്രം അയ്യായിരത്തോളം തീര്‍ഥാടകര്‍ ഇനിയും അവശേഷിക്കുന്നുണെ്ടന്ന് റിട്ടയേര്‍ഡ് വിംഗ് കമാന്‍ഡര്‍ ആര്‍.എസ്. ബ്രാര്‍ പറഞ്ഞു. ഇന്നലെ പുലര്‍ച്ചെമുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തയാറായി നിന്നിരുന്നുവെങ്കിലും ഹെലികോപ്റ്റര്‍ പറത്തല്‍ അസാധ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഹെലികോപ്റ്റര്‍ വഴി ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമം അസാധ്യമായ സാഹചര്യത്തില്‍ കേദാര്‍നാഥ് താഴ്‌വരയില്‍ റോഡ്മാര്‍ഗമുള്ള തെരച്ചില്‍ പുനരാരംഭിക്കാന്‍ അധികൃതര്‍ ശ്രമിക്കുകയാണ്.