കൊടുംപ്രളയം: മരണം 1000 കവിയും

single-img
20 June 2013

FLOODഉത്തരേന്ത്യയില്‍ ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലുമുള്‍പ്പെടെ ഹിമാലയന്‍ താഴ്‌വരയില്‍ കനത്തമഴയെത്തുടര്‍ന്നുള്ള പ്രളയത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ട പതിനായിരങ്ങളെ രക്ഷപ്പെടുത്താന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമം തുടരുന്നു. പ്രകൃതിക്ഷോഭത്തില്‍ ആയിരം പേരെങ്കിലും മരിച്ചതായാണു നിഗമനം. മലയാളി തീര്‍ഥാടകര്‍ ഉള്‍പ്പെടെ അറുപതിനായിരത്തോളം പേര്‍ വിവിധയിടങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. സമീപകാലത്തെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമാണ് സൈന്യം ഇപ്പോള്‍ നടത്തിവരുന്നത്. ഉത്തരാഖണ്ഡിലും ഹിമാചലിലും കരസേനയും വ്യോമസേനയും ദേശീയ ദുരന്തനിവാരണ സേനയും ഇന്തോ-ടിബറ്റന്‍ അതിര്‍ത്തിസേനയും സംയുക്തമായാണു രക്ഷാപ്രവര്‍ത്തനം. 22,392 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേദാര്‍നാഥില്‍ കുടുങ്ങിയ എല്ലാവരെയും ഇന്നലെ വൈകുന്നേരത്തോടെ രക്ഷപ്പെടുത്തിയതായി ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ അജയ് ചദ്ദ അറിയിച്ചു. ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള കേദാര്‍നാഥ് ക്ഷേത്രത്തിനു സമീപം അയ്യായിരത്തോളം പേരാണു കുടുങ്ങിക്കിടന്നത്. റോഡുകള്‍ പൂര്‍ണമായും തകര്‍ന്നതിനാല്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. വാര്‍ത്താവിനിമയ സംവിധാനങ്ങളും മരുന്നും ഭക്ഷണവും സൈന്യം കൊണ്ടുപോയിരുന്നു. രണ്ടായിരത്തോളം ഭക്ഷണപാക്കറ്റുകള്‍ ഹെലികോപ്റ്ററിലൂടെ വിതരണം ചെയ്തു.