സെമിയില്‍ ഇന്ത്യയോട് പോരാടാന്‍ ശ്രീലങ്ക

single-img
18 June 2013

ഐസിസി ചാമ്പ്യന്‍സ് ട്രോഫി സെമിഫൈനല്‍ ലൈനപ്പായി. ജൂണ്‍ 19ന് ബുധനാഴ്ച നടക്കുന്ന ആദ്യ സെമിയില്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ ഇന്ത്യയുടെ എതിരാളി അയല്‍ക്കാരായ ശ്രീലങ്കയാണ്. ജൂണ്‍ 20 വ്യാഴാഴ്ചയാണ് രണ്ടാം സെമിഫൈനല്‍ മത്സരം നടക്കുന്നത്. ഓവല്‍ മൈതാനമാണ് ആദ്യ സെമിയ്ക്ക് ആതിഥ്യമരുളുന്നത്. രണ്ടാം സെമിയ്ക്ക് കാര്‍ഡിഫ് വേദിയാകും.

ഗ്രൂപ്പ് ബിയില്‍ കളിച്ച മൂന്നു മത്സരങ്ങളിലും ജയിച്ച് ഒന്നാമതായാണ് ഇന്ത്യന്‍ ടീം സെമിയിലെത്തിയത്. ടൂര്‍ണമെന്റിലിതുവരെയുള്ള കളികളില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കുന്ന പ്രകടനമാണ് മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ യുവനിര കാഴ്ചവച്ചത്. മൂന്നു വിജയവുമായി ഗ്രൂപ്പ് ഘട്ടത്തില്‍ 6 പോയിന്റ് ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ഗ്രൂപ്പ് എയില്‍ രണ്ടു വിജയവുമായി ഒന്നാമതെത്തിയ ഇംഗ്ലണ്ടിനു നാലു പോയിന്റാണ് ലഭിച്ചത്. ഇതേ ഗ്രൂപ്പില്‍ ശ്രീലങ്കയും രണ്ടു വിജയത്തിന്റെ ബലത്തില്‍ നാലു പോയിന്റ് നേടിയെങ്കിലും നെറ്റ് റണ്‍ റേറ്റിന്റെ കണക്കില്‍ രണ്ടാമതാകുകയായിരുന്നു.

നിലവിലെ ചാമ്പ്യന്‍മാരായ ആസ്‌ത്രേലിയ സെമിയിലെത്താതെ ദാരുണമായി പുറത്താകുന്നതിനും ഇത്തവണത്തെ ചാമ്പ്യന്‍സ് ട്രോഫി സാക്ഷ്യം വഹിച്ചു. ഗ്രൂപ്പ് എയിലെ ആസ്‌ത്രേലിയ, ശ്രീലങ്ക, ന്യൂസിലാന്റ് ടീമുകളുടെ ടൂര്‍ണമെന്റിലെ മുന്നോട്ടുള്ള ഭാഗദേയം നിര്‍ണയിക്കപ്പടുമെന്ന് കണക്കു കൂട്ടിയ അവസാന ഗ്രൂപ്പ് മത്സരത്തില്‍ 20 റണ്‍സിന്റെ നാടകീയ ജയം സ്വന്തമാക്കിയാണ് ശ്രീലങ്ക സെമിയിലേയ്ക്ക് കുതിച്ചത്. സെമിയില്‍ ഇന്ത്യയുടെ എതിരാളിയായി ശ്രീലങ്ക എത്തിയതോടെ 2008 നു ശേഷം ഇരു ടീമുകളും നേര്‍ക്കു നേര്‍ വരുന്ന 41 ാമത് ഏകദിന മത്സരത്തിനാണ് അരങ്ങുണരുന്നത്. കഴിഞ്ഞ 40 മത്സരങ്ങളില്‍ ഇന്ത്യ 24 വിജയം നേടിയപ്പോള്‍ ശ്രീലങ്ക 14 തവണ ജയഭേരി മുഴക്കി. ഒരു മത്സരം സമനിലയായപ്പോള്‍ ഒരെണ്ണം ഫലം കാണാതെ ഉപേക്ഷിച്ചു. ഈ കാലയളിവില്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ഏകദിന മത്സരം കളിച്ചതും ശ്രീലങ്കയ്ക്ക് എതിരെയാണ്. രണ്ടാമതു നില്‍ക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരങ്ങള്‍ ഇതിനു ബഹുദൂരം പിന്നിലാണ്. 21 മത്സരങ്ങളാണ് ഇക്കാലയളവില്‍ ഇരു ടീമുകളും എതിരിട്ടത്.

ജൂണ്‍ 23 ന് ബെര്‍മിങ്ഹാമിലാണ് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍. നിലവിലെ ഫോം കണക്കിലെടുത്താല്‍ ഇന്ത്യ തന്നെയായിരിക്കും പുതിയ ചാമ്പ്യന്‍സ് എന്നാണ് വിലയിരുത്തല്‍.