ഒടുവില്‍ മുഖ്യമന്ത്രി സമ്മതിച്ചു; ബിജു രാധാകൃഷ്ണനെ കണ്ടു

single-img
17 June 2013

Kerala-CMസോളാര്‍ തട്ടിപ്പു കേസിലെ ഒന്നാം പ്രതി ബിജു രാധാകൃഷ്ണനെ എറണാകുളം ഗസ്റ്റ്ഹൗസില്‍ വച്ച് താന്‍ കണ്ടതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിയമസഭയില്‍ സമ്മതിച്ചു. ബിജുവുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.എം.ഐ. ഷാനവാസ് എംപി പറഞ്ഞു വിട്ടതനടുസരിച്ച് കൊച്ചിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ഒരു കമ്പനി എക്‌സിക്യൂട്ടീവിന് തന്നെ കാണണമെന്നാണ് ഷാനവാസ് പറഞ്ഞത്. പ്രമുഖ മാധ്യമ സ്ഥാപനത്തിലെ ജീവനക്കാരന്‍ ഒപ്പം ഉണ്ടായിരുന്നു. കുടുംബ പ്രശ്‌നങ്ങളാണ് ബിജുവുമായി സംസാരിച്ചതെന്നും ഉമ്മന്‍ചാണ്ടി വിശദീകരിച്ചു. അന്ന് ബിജു പിട്ടികിട്ടാപ്പുള്ളി ആയിരുന്നില്ല. അയാള്‍ കേസില്‍ പ്രതിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍വച്ച് സരിതയെ കണെ്ടന്ന വിഎസിന്റെ ആരോപണം മുഖ്യമന്ത്രി നിഷേധിച്ചു. ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ല. ഡല്‍ഹിയില്‍ വച്ച് കണ്ടത് സുപ്രീംകോടതിയില്‍ കേരളത്തിന് വേണ്ടി ഹാജരാകുന്ന അഭിഭാഷക ബീന മാധവനെയാണ്. ഇതു സംബന്ധിച്ച ഫോട്ടോയും മുഖ്യമന്ത്രി സഭയില്‍ ഹാജരാക്കി. വിജ്ഞാന്‍ ഭവനില്‍ ഉണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം സരിതയുണ്ടായിരുന്നുവെന്നു പിന്നീട് ഡല്‍ഹിയിലെ തോമസ് കുരുവിള പറഞ്ഞ് അറിഞ്ഞു. എന്നാല്‍ താന്‍ അവരെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നില്ല. തന്നെ കുടുക്കാന്‍ ഇത്രത്തോളം പോകേണ്ടതില്ലെന്നും അദ്ദേഹം പ്രതിപക്ഷത്തോടു പറഞ്ഞു. എന്നാല്‍ ആരോപണം ഉന്നയിച്ചത് ഡല്‍ഹിയിലെ ‘പാവം പയ്യന്‍’ തോമസ് കുരുവിളയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.