മുഖ്യമന്ത്രി പ്രതിസന്ധിയില്‍; ആരോപണ വിധേയരായ ഗണ്‍മാനെയും പിഎയെയും മാറ്റി

single-img
14 June 2013

Saritha S Nairമുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കിക്കൊണ്ട് സോളാര്‍ പ്ലാന്റ് തട്ടിപ്പിലെ മുഖ്യപ്രതി സരിത എസ്. നായരെ രക്ഷിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപണമുയര്‍ന്ന പേഴ്‌സണല്‍ അസിസ്റ്റന്റ് ടെന്നി ജോപ്പനെ മുഖ്യമന്ത്രി പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് നീക്കി. സരിതയുമായി പലതവണ ഫോണില്‍ ബന്ധപ്പെട്ട ഗണ്‍മാന്‍ സലീം രാജിനെയും മാറ്റിയിട്ടുണ്ട്. നിയമസഭയിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇക്കാര്യം അറിയിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച എഡിജിപി ഹേമചന്ദ്രന്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടനുസരിച്ചാണ് നടപടി. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തില്‍ തൃപ്തരാകാതെ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയില്‍ ബഹളം വെച്ചു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. വ്യാഴാഴ്ചയും പ്രതിപക്ഷം നിയമസഭയില്‍ വിഷയം ഉന്നയിച്ചിരുന്നു. ഇതിനുശേഷം സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ് മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖമാണ് വിഷയം വീണ്ടും ആളിക്കത്തിച്ചത്. സരിത.എസ് നായരെക്കുറിച്ച് നേരത്തെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നതായിട്ടായിരുന്നു പി.സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍.