സരിതയെക്കുറിച്ച് പി.സി ജോര്‍ജ് പറഞ്ഞത് അറസ്റ്റിന് ശേഷമെന്ന് മുഖ്യമന്ത്രി

single-img
14 June 2013

Kerala-CMസോളാര്‍ പാനല്‍ തട്ടിപ്പുകേസിലെ പ്രതി സരിത. എസ് നായരുടെ അറസ്റ്റിന് ശേഷമാണ് അവരെക്കുറിച്ച് പി.സി ജോര്‍ജ് തന്നോട് പറഞ്ഞതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. താന്‍ നേരത്തെതന്നെ മുഖ്യമന്ത്രിയോട് സരിതയെക്കുറിച്ച് പറഞ്ഞിരുന്നതായി പി.സി ജോര്‍ജ് ഇന്നലെ ഒരു മാധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. നിയമസഭയില്‍ പ്രതിപക്ഷം മുഖ്യമന്ത്രിക്കെതിരെ ആയുധമാക്കിയതും പി.സി ജോര്‍ജിന്റെ വെളിപ്പെടുത്തലായിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നാലാം തീയതി തന്റെ ഓഫീസില്‍ വെച്ച് വനം വകുപ്പുമായി ബന്ധപ്പെട്ട ഒരു യോഗം നടന്നിരുന്നു. പി.സി ജോര്‍ജ്, ഇ.എസ് ബിജിമോള്‍, രാജു ഏബ്രഹാം എന്നീ മൂന്ന് എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. 11 മണിയോടെയാണ് യോഗം അവസാനിച്ചത്. ഇതിനുശേഷമാണ് പി.സി ജോര്‍ജ് തന്നോട് ഇക്കാര്യം പറഞ്ഞത്. പി.സി ജോര്‍ജിന്റെ അഭിമുഖത്തിന് ശേഷം അദ്ദേഹത്തെ താന്‍ വിളിച്ചിരുന്നതായും സരിതയെ അറസ്റ്റ് ചെയ്ത വിവരം താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് പി.സി ജോര്‍ജ് തനിക്ക് നല്‍കിയ മറുപടിയെന്നും മുഖ്യമന്ത്രി പറഞ്ഞു. എഡിജിപിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതായും വിശദമായ അന്വേഷണം നടത്തണമെന്നാണ് അതിലെ പ്രധാന ശിപാര്‍ശയെന്നും ഇതനുസരിച്ചാണ് വിശദമായ അന്വേഷണത്തിന് നിര്‍ദേശിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.