മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകേസിലെ പ്രതിയെ സംരക്ഷിച്ചുവെന്ന് ആരോപണം: പ്രതിപക്ഷം ഇറങ്ങിപ്പോയി • ഇ വാർത്ത | evartha
Breaking News

മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകേസിലെ പ്രതിയെ സംരക്ഷിച്ചുവെന്ന് ആരോപണം: പ്രതിപക്ഷം ഇറങ്ങിപ്പോയി

Kerala-CMമുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പുകേസിലെ പ്രതിയെ സംരക്ഷിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. സോളാര്‍ പാനല്‍ തട്ടിപ്പുകേസില്‍ പ്രതിയായ ചെങ്ങന്നൂര്‍ സ്വദേശിനി സരിത നായരെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗം ഇടപെട്ടെന്ന വാര്‍ത്തയാണ് പ്രതിപക്ഷത്തിന്റെ ആരോപണത്തിന് അടിസ്ഥാനമായത്.

ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്നും രാജു ഏബ്രഹാം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്. സംഭവത്തില്‍ വിവിധ ജില്ലകളിലായി 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്‌ടെന്നും സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്റെ ഓഫീസിന് കുറ്റവാളിയെ തിരിച്ചറിയാനായില്ലെന്ന ആരോപണം നിഷേധിക്കുന്നില്ല.

അന്വേഷണവുമായി ബന്ധപ്പെട്ട ഒരു ഇടപെടലും തന്റെ ഓഫീസ് നടത്തില്ല. എല്ലാവര്‍ക്കും തൃപ്തികരമായ രീതിയില്‍ തീര്‍ത്തും സുതാര്യമായിരിക്കും അന്വേഷണമെന്നും മുഖ്യമന്ത്രി പറഞ്ഞു. താന്‍ ആരെയും സംരക്ഷിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കഴിഞ്ഞ ദിവസം സഭയില്‍ നല്‍കിയ വിശദീകരണം ആവര്‍ത്തിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്ന് രാജു ഏബ്രഹാം പറഞ്ഞു. സരിതാ നായരുടെയും ഭര്‍ത്താവിന്റെയും ക്രിമിനല്‍ പശ്ചാത്തലം പോലീസിന് അറിവുള്ളതാണ്. എന്നിട്ടും എഴുപതിലേറെ തവണയാണ് സരിതയുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളിച്ചിരിക്കുന്നതെന്നും രാജു ഏബ്രഹാം ചൂണ്ടിക്കാട്ടി.