അങ്ങനെ വീണ്ടും അദ്ധ്വാനി കീഴടങ്ങി

single-img
11 June 2013

LK-adwaniനരേന്ദ്ര മോഡിയെ ബിജെപി പ്രചാരണ സമിതി തലവനായി ഉയര്‍ത്തിയതിനെത്തുടര്‍ന്ന് രാജിവച്ച മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി മൂന്നു പാര്‍ട്ടി പദവികളില്‍നിന്നുള്ള രാജി പിന്‍വലിച്ചു. ആര്‍എസ്എസ് നേതൃത്വത്തിന്റെയും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളുടെയും സമ്മര്‍ദത്തെത്തുടര്‍ന്നാണ് രാജി പിന്‍വലിച്ചത്. അതോടെ അഡ്വാനി രാജിവച്ചതു മൂലമുണ്ടായ ബിജെപിയിലെ പ്രതിസന്ധിക്കു താത്കാലിക പരിഹാരമായി.

ചര്‍ച്ചകള്‍ക്കൊടുവില്‍ വൈകുന്നേരം ബിജെപി പ്രസിഡന്റ് രാജ്‌നാഥ് സിംഗും പ്രതിപക്ഷ നേതാവ് സുഷമ സ്വരാജും അടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ ഒന്നടങ്കം അഡ്വാനിയുടെ വസതിയിലെത്തി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു രാജി തീരുമാനം പിന്‍വലിക്കാന്‍ അഡ്വാനി തീരുമാനിച്ചതായി നേതാക്കള്‍ പ്രഖ്യാപിച്ചത്. ആര്‍എസ്എസ് ഇടപെടലാണു രാജി പിന്‍വലിക്കാന്‍ മടിച്ചുനിന്ന അഡ്വാനിയുടെ മനം മാറ്റിച്ചത്. രാജി പിന്‍വലിച്ച അഡ്വാനിയുടെ നടപടിയെ ട്വിറ്റര്‍ സന്ദേശത്തിലൂടെ നരേന്ദ്ര മോഡി സ്വാഗതം ചെയ്തു.

നരേന്ദ്ര മോഡിയെ ബിജെപിയുടെ പ്രചാരണസമിതി അധ്യക്ഷനാക്കിയതില്‍ മാറ്റമില്ലെന്നു ബിജെപി പ്രസിഡന്റ് രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അഡ്വാനി രാജി പിന്‍വലിച്ചതായി അഡ്വാനിയുടെ വസതിയിലെ ചര്‍ച്ചയ്ക്കുശേഷം ബിജെപി അധ്യക്ഷനും സുഷമയും നിതിന്‍ ഗഡ്കരിയും ചേര്‍ന്നു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഡ്വാനിയോട് ആലോചിച്ച ശേഷം മാത്രമേ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെ തീരുമാനിക്കുകയുള്ളുവെന്ന് അദ്ദേഹത്തെ അറിയിച്ചതായി രാജ്‌നാഥ് സിംഗ് പറഞ്ഞു.