ഇന്ത്യയ്ക്ക് വിജയത്തുടക്കം

single-img
7 June 2013

ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ വിജയത്തോടെ ഇന്ത്യ തുടക്കം ഗംഭീരമാക്കി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരു പോലെ തിളങ്ങിയ ഇന്ത്യന്‍ നിര ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 23 റണ്‍സിന്റെ വിജയമാണ് ആദ്യ മത്സരത്തില്‍ നേടിയത്. കാര്‍ഡിഫിലെ സോഫിയ ഗാര്‍ഡന്‍സ് മൈതാനത്ത് പിറന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറുമായാണ് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ തിരിച്ചുകയറിയത്. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എ.ബി.ഡിവില്ലിയേഴ്‌സിന്റെ തീരുമാനം തിരിച്ചടിച്ചപ്പോള്‍ 331 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലെത്തിയത്. മറുപടിയായി 305 റണ്‍സ് എടുക്കാനേ പ്രോട്ടീസ് ബാറ്റിങ്ങ് നിരയ്ക്കു സാധിച്ചുള്ളു. സ്‌കോര്‍ : ഇന്ത്യ 50 ഓവറില്‍ ഏഴിന് 331, ദക്ഷിണാഫ്രിക്ക 50 ഓവറില്‍ 305 ന് പുറത്ത്.

അടുത്ത കാലത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച കണ്ടെത്തലാണ് താന്‍ എന്ന വസ്തുത ഊട്ടിയുറപ്പിക്കുന്ന പ്രകടനവുമായി കളം നിറഞ്ഞ ശിഖര്‍ ധവാന്റെ ആദ്യ ഏകദിന സെഞ്ച്വറിയാണ് ടീമിനു കൂറ്റന്‍ സ്‌കോര്‍ സമ്മാനിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. 80 പന്തില്‍ മൂന്നക്കം കടന്ന ധവാന്‍ പുറത്താകുമ്പോള്‍ 94 പന്തില്‍ 114 റണ്‍സ് സ്വന്തം അക്കൗണ്ടിലെത്തിച്ചിരുന്നു. ധാവാനൊപ്പം ഇന്നിങ്ങ്‌സ് ഓപ്പണ്‍ ചെയ്ത രോഹിത് ശര്‍മയും മികച്ച ബാറ്റിങ്ങ് കാഴ്ചവച്ചതോടെ ഏകദിനത്തില്‍ രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയുടെ ഓപ്പണിങ്ങില്‍ 100 റണ്‍സിന്റെ കൂട്ടുകെട്ട് പിറക്കുകയും ചെയ്തു. 96 പന്തില്‍ 65 റണ്‍സാണ് രോഹിത് നേടിയത്. ഇരുവരും പുറത്തായതിനു ശേഷമിറങ്ങിയ വിരാട് കോലി(31), ദിനേശ് കാര്‍ത്തിക(14)്, മഹേന്ദ്ര സിങ് ധോണി(27) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങഅകിലും ഇന്നിങ്ങ്‌സ് മുന്നോട്ടുകൊണ്ടു പോകുന്നതില്‍ പരാജയപ്പെട്ടു. ഏഴാമനായിറങ്ങിയ രവീന്ദ്ര ജഡേജ അവസാന ഓവറുകളില്‍ നടത്തിയ മികച്ച ബാറ്റിങ്ങ് ആണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. 37 പന്തില്‍ 47 റണ്‍സെടുത്ത ജഡേജ 7 ഫോറും ഒരു സിക്‌സും പറത്തി. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി റ്യാന്‍ മക്ലാരന്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം പാളിയെങ്കിലും മധ്യ നിര തുണച്ചു. അര്‍ദ്ധസെഞ്ച്വറികളുമായി റോബിന്‍ പീറ്റേഴ്‌സണും (68) ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സും(70) ഇന്ത്യന്‍ ക്യാംപിനു നേരെ പടനയിച്ചപ്പോള്‍ വിജയം ഇന്ത്യന്‍ നിരയ്ക്കു അന്യമാകുമെന്ന ആശങ്കയും ഉയര്‍ന്നു. എന്നാല്‍ മത്സരഗതിയെ തിരിച്ചു കൊണ്ട് 24 ാം ഓവറിന്റെ മൂന്നാം പന്തിനൊടുവില്‍ പീറ്റേഴ്‌സണ്‍ റണ്‍ഔട്ട് ആയതോടെ കാര്യങ്ങള്‍ ഇത്യന്‍ വരുതിയിലേയ്ക്കു വന്നു. തുടര്‍ന്ന് കൃത്യമായ ഇടവേളകളില്‍ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ വീണു. വാലറ്റത്ത് റ്യാന്‍ മക്ലാരന്‍ (71) കിണഞ്ഞുപരിശ്രമിച്ചിട്ടും വിജയം ഇന്ത്യയെ വിട്ടു പോയില്ല.
തകര്‍പ്പന്‍ സെഞ്ച്വറിയുമായി ടീം സ്‌കോറിന്റെ നെടുംതൂണായ ശിഖര്‍ ധവാന്‍ ആണ് കളിയിലെ താരം. വിജയത്തോടെ ഇന്ത്യയ്ക്ക് ടൂര്‍ണമെന്റില്‍ രണ്ട് പോയിന്റ് ലഭിച്ചു.