ബിഗ് ബി ഇനി മിനിസ്‌ക്രീന്‍ സീരിയല്‍ താരം

single-img
6 June 2013

ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനു ടെലിവിഷന്‍ ലോകം അപരിചിതമല്ല. പതിമൂന്നു വര്‍ഷം മുന്‍പ് സോണി ചാനലിന്റെ കോന്‍ ബനേഗാ ക്രോര്‍പതിയിുടെ അവതാരകനായി മിനിസ്‌ക്രീന്‍ രാജാവായ ചരിത്രമാണ് സീനിയര്‍ ബച്ചന്റേത്. ഇത്തവണ തന്റെ മിനിസ്‌ക്രീന്‍ ബന്ധത്തില്‍ ഒരു പടി കൂടി കയറുകയാണ് ബിഗ് ബി. ഷോ ബിസിനസിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്ന ടെലിവിഷന്‍ സീരിയലിന്റെ ലോകത്താണ് അമിതാഭ് ബച്ചന്റെ പുതിയ അങ്കം കുറിക്കാന്‍ ഒരുങ്ങുന്നത്. സോണി ടെലിവിഷന്‍ തന്നെയാണ് ബച്ചനെ സീരിയല്‍ ലോകത്തിലേയ്ക്കും ആനയിക്കുന്നത്. അമിതാഭ് നായകനായി മെഗാ ബജറ്റ് സീരിയല്‍ ആണ് അണിയറയില്‍ ഒരുങ്ങുന്നത്. പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് ആണ് ബച്ചന്‍ നായകനാകുന്ന സീരിയലിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍.

അമിതാഭ് ബച്ചന്റെ പ്രൊഡക്ഷന്‍ കമ്പനിയായ സരസ്വതി ക്രിയേഷന്‍സും എന്‍ഡമോള്‍ ഇന്ത്യയും സംയുക്തമായാണ് ഈ സീരിയല്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് വ്യക്തമായ ആധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യം വച്ചാണ് സോണി എന്റര്‍ടെയിന്‍മെന്റ് ടെലിവിഷന്‍ ഷോബിസ് ലോകത്തെ ഒന്നാം നിര താരങ്ങളെ അണിനിരത്തി സീരിയല്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. ഇത്തരമൊരു സംരഭത്തിന്റെ ഭാഗമാകുന്നതില്‍ താന്‍ സന്തോഷവാനാണ് എന്നാണ് അമിതാഭ് പ്രതികരിച്ചത്. അമിതാഭിന്റെ കടന്നുവരവ് ടെലിവിഷന്‍ സീരിയല്‍ രംഗത്തിന് പുത്തന്‍ ഉണര്‍വ് സമ്മാനിക്കും എന്നതില്‍ സംശയമില്ല. ബച്ചന്റെ പാത പിന്തുടര്‍ന്ന് ഏതെല്ലാം ബിഗ് സ്‌ക്രീന്‍ താരങ്ങള്‍ മിനിസ്‌ക്രീനില്‍ സീരിയല്‍ താരങ്ങളായി എത്തുമെന്നു മാത്രമേ ഇനി അറിയാനുള്ളു.