ജിയ ഖാന്‍ ജീവനൊടുക്കി

single-img
4 June 2013

ബോളിവുഡ് നടി ജിയാ ഖാന്‍ തൂങ്ങിമരിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിയോടെ മുംബൈ ജുഹുവിലുള്ള ജിയയുടെ ഫ്‌ലാറ്റിലാണ് താരത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുപത്തിയഞ്ചുകാരിയായ ജിയ ആത്മഹത്യ ചെയ്യാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. അപകടമരണത്തിനാണ് മുംബൈ പോലീസ് കേസ് എടുത്തിരിക്കുന്നത്. ജിയയുടെ മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും കിട്ടിയിട്ടില്ല. ഹൈദരാബാദില്‍ നടന്ന ഒരു ഓഡിഷനില്‍ പിന്തള്ളപ്പെട്ടതില്‍ ജിയ നിരാശയിലായിരുന്നു എന്നാണ് കുടുംബവൃത്തങ്ങള്‍ പറയുന്നത്.

നഫീസ ഖാന്‍ എന്നാണ് ജിയയുടെ യഥാര്‍ഥ പേര്. സിനിമയ്ക്കായി ജിയ ഖാന്‍ എന്ന് പേരു മാറ്റുകയായിരുന്നു. എന്നാല്‍ വീണ്ടും തന്റെ യഥാര്‍ഥ പേരായ നഫീസ ഖാന്‍ സ്വീകരിച്ചു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ അലി റിസ്വി ഖാന്‍-മുന്‍ ഹിന്ദി നടി റാബിയ അമിന്‍ ദമ്പതികളുടെ മകളാണ്. അമേരിക്കയില്‍ ജനിച്ച ജിയ വളര്‍ന്നത് ലണ്ടനിലാണ്. ബോളിവുഡിന്റെ ഭാഗമാകുന്നതിനായി മുംബൈയിലേയ്ക്ക് താമസം മാറ്റുകയായിരുന്നു. 2007 ല്‍ രാം ഗോപാല്‍ വര്‍മയുടെ നിശബ്ദ് എന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്റെ നായികയായിട്ടാണ് ജിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ആരു വര്‍ഷം നീണ്ട കരിയറില്‍ മൂന്നു ചിത്രങ്ങളില്‍ മാത്രമാണ് താരം അഭിനയിച്ചത്. തന്റെ ബോളിവുഡ് കരിയര്‍ തകര്‍ച്ചയിലേയ്ക്ക് നീങ്ങിയത് ജിയയെ വല്ലാതെ അലട്ടിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
1998 ല്‍ ഷാരൂഖ് ഖാന്‍ നായകനായ ദില്‍ സേയില്‍ ബാലതാരമായിട്ടാണ് വെള്ളിത്തിരയില്‍ ജിയ ആദ്യമെത്തിയത്. ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം നിശബ്ദില്‍ അറുപതുകാരനായ അമിതാഭിന്റെ പതിനെട്ടുകാരിയായ കാമുകിയായെത്തി ജിയ ഖാന്‍ വാര്‍ത്തകളിലിടം പിടിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നവാഗത നടിയ്ക്കുള്ള ഫിലിംഫെയര്‍ നോമിനേഷനും ജിയയ്ക്കു ലഭിച്ചു. നിശബ്ദിനു ശേഷം ആമിര്‍ ഖാന്റെ ഗജിനി, അക്ഷയ് കുമാറിന്റെ ഹൗസ് ഫുള്‍ എന്നീ ചിത്രങ്ങളിലാണ് ജിയയിലെ നടിയെ ലോകം കണ്ടത്. ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന സമയത്ത് നിരവധിപ്പേരുടെ പ്രശംസ ഏറ്റു വാങ്ങിയ ജിയയ്ക്ക് തന്റെ പ്രശസ്തിക്കനുസരിച്ചുള്ള റോളുകളൊന്നും പിന്നീട് ചെയ്യാന്‍ കഴിഞ്ഞില്ല. രണ്ടു വര്‍ഷം മുന്‍പാണ് അവസാന ചിത്രമായ ഹൗസ്ഫുള്ളില്‍ അഭിനയിച്ചത്. സിനിിമയിലേയ്ക്കു തിരികെയെത്താനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് അപ്രതീക്ഷിതമായി ജിയ മരണത്തെ സ്വയം വരിച്ചത്. നടന്‍ ആദിത്യ പഞ്ചോലിയുടെ മകന്‍ സൂരജുമായുണ്ടായിരുന്നെന്ന് പറയപ്പെടുന്ന പ്രണയബന്ധം തകര്‍ന്നതിനെത്തുടര്‍ന്നുള്ള വിഷമവും ജിയയെ അലട്ടിയിരുന്നതായാണ് റിപ്പോര്‍ട്ട്.