ഉപമുഖ്യമന്ത്രി പദം: ഉമ്മന്‍ചാണ്ടി-ചെന്നിത്തല ചര്‍ച്ചയില്‍ തീരുമാനമായില്ലെന്ന് തങ്കച്ചന്‍

single-img
31 May 2013

29TVTHANKACHAN_135897fസംസ്ഥാനത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഉപമുഖ്യമന്ത്രിപദം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയും നടത്തിയ ചര്‍ച്ചകളില്‍ തീരുമാനമായില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. ഇരുവരും തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും പല തലങ്ങളിലും ചര്‍ച്ചകള്‍ നടക്കുന്നുണ്‌ടെന്നും വ്യക്തമാക്കിയ കണ്‍വീനര്‍ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും പറഞ്ഞു. ഘടകകക്ഷി നേതാക്കളെ വിശ്വാസത്തിലെടുത്ത് അവരുമായി ആലോചിച്ച് മാത്രമേ തീരുമാനം കൈക്കൊള്ളുകയുള്ളൂ. മുഖ്യമന്ത്രിയും ചെന്നിത്തലുമായി നടത്തുന്ന ചര്‍ച്ചയില്‍ തീരുമാനമായ ശേഷം ഘടകകക്ഷി നേതാക്കളുമായും ഹൈക്കമാന്‍ഡുമായും ആലോചിച്ചതിനുശേഷമേ തീരുമാനമെടുക്കൂവെന്നും പി.പി തങ്കച്ചന്‍ പറഞ്ഞു. ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ പദവി ഭരണഘടനയില്‍ ഇല്ല. അതുകൊണ്ടുതന്നെ ഘടകകക്ഷികളുമായി ഇക്കാര്യം ആലോചിക്കേണ്ടതുണ്‌ടെന്നും പി.പി തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മുസ്‌ലീം ലീഗിനെ അസ്വസ്ഥമാക്കിയിട്ടുണ്‌ടെന്നും ഇക്കാര്യത്തിലെ ആശങ്ക ലീഗ് പ്രതിനിധികള്‍ യോഗത്തില്‍ ഉന്നയിച്ചതായും പി.പി തങ്കച്ചന്‍ സമ്മതിച്ചു.