ഐപിഎല്‍ വാതുവയ്പ്: ബി.സി.സി.ഐ സെക്രട്ടറിയും ട്രഷററും രാജിവച്ചു

single-img
31 May 2013

cricket-4_350_082712104149ഐപിഎല്‍ ക്രിക്കറ്റ് വാതുവയ്പുമായി ബന്ധപ്പെട്ടു ബിസിസിഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍ രാജിവയ്ക്കണമെന്ന ശക്തമായ സമ്മര്‍ദം ചെലുത്തി ബിസിസിഐ സെക്രട്ടറിയും ട്രഷററും രാജിവച്ചു. സെക്രട്ടറി സഞ്ജയ് ജഗദാലെയും ട്രഷറര്‍ അജയ് ഷിര്‍ക്കെയുമാണ് രാജി സമര്‍പ്പിച്ചത്. ഇവര്‍ക്കു പുറമേ അഞ്ചു വൈസ് പ്രസിഡന്റുമാര്‍കൂടി രാജിക്കൊരുങ്ങുന്നതായാണു വിവരം. അരുണ്‍ ജെയ്റ്റ്‌ലി, രാജീവ് ശുക്ല, ശിവലാല്‍ യാദവ്, നിരഞ്ജന്‍ ഷാ, സുധീര്‍ ദാബിര്‍ എന്നിവരാണു രാജിക്കൊരുങ്ങുന്നത്. രാജിവച്ച ട്രഷറര്‍ അജയ് ഷിര്‍ക്കെ മഹാരാഷ്ട്രയില്‍നിന്നുള്ള പ്രതിനിധിയും ശ്രീനിവാസന്റെ വലംകൈയുമായിരുന്നു. ശ്രീനിവാസന്റെ പ്രഖ്യാപിത എതിരാളിയായ ശരദ് പവാറിന്റെ അടുത്ത അനുയായികൂടിയാണ് ഷിര്‍ക്കെ. ശ്രീനിവാസന്‍ രാജിവയ്ക്കണമെന്നു ഷിര്‍ക്കെ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍ ശ്രീനിവാസന്‍ ബിസിസിഐ അധ്യക്ഷസ്ഥാനത്തു തുരുമോ എന്ന് എട്ടിനറിയാം. അടിയന്തര ബിസിസിഐ പ്രവര്‍ത്തകസമിതി യോഗം അന്നു ചേരും. എന്‍. ശ്രീനിവാസന്റെ രാജിക്കാര്യം സംബന്ധിച്ച തീരുമാനം ഈ യോഗത്തിലുണ്ടാകുമെന്നാണു സൂചന.