പി.സി. ജോര്‍ജിനെതിരായ അവകാശലംഘനം: റിപ്പോര്‍ട്ട് ജൂണ്‍ 17നു നിയമസഭയില്‍ സമര്‍പ്പിക്കും

single-img
29 May 2013

P C georgeചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരെയുള്ള അവകാശ ലംഘന നോട്ടീസില്‍ പ്രിവലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ജൂണ്‍ 17നു നിയമസഭയില്‍ സമര്‍പ്പിക്കും. കെ. മുരളീധരന്‍ അധ്യക്ഷനായ സമിതി ഇന്നലെ യോഗം ചേര്‍ന്നു കരടു റിപ്പോര്‍ട്ട് തയാറാക്കിയതായാണു സൂചന. നിയമസഭാ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും വിശദമായി പരിശോധിച്ച ശേഷമായിരുന്നു കരട് റിപ്പോര്‍ട്ട് തയാറാക്കിയത്. ജൂണ്‍ 17നു സമിതി വീണ്ടും യോഗം ചേര്‍ന്നു വിശദ റിപ്പോര്‍ട്ട് തയാറാക്കി സ്പീക്കര്‍ക്കു സമര്‍പ്പിക്കും. കഴിഞ്ഞ മാസം നടന്ന സിറ്റിംഗില്‍ പി.സി. ജോര്‍ജില്‍ നിന്നു സമിതി തെളിവെടുത്തിരുന്നു. ആദ്യ കേരള നിയമസഭയിലെ അംഗങ്ങളും മന്ത്രിമാരുമായിരുന്ന കെ.ആര്‍. ഗൗരിയമ്മയേയും ടി.വി. തോമസിനേയും അധിക്ഷേപിച്ചു സംസാരിച്ചതിന്റെ പേരിലാണു പി.സി. ജോര്‍ജിനെതിരേ പ്രതിപക്ഷ ഉപനേതാവു കോടിയേരി ബാലകൃഷ്ണന്‍ അവകാശലംഘന നോട്ടീസ് നല്‍കിയത്. തുടര്‍ന്നു കഴിഞ്ഞ മാര്‍ച്ച് 18നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ പ്രിവലേജ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്കു പരാതി കൈമാറുകയായിരുന്നു. മുരളീധരന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പരിഗണിക്കുന്ന ആദ്യ കേസുകൂടിയാണിത്.