ഷാരൂഖിന് ശസ്ത്രക്രിയ

single-img
28 May 2013

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന് തോളില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. മുംബൈ ലീലാവതി ആശുപത്രിയിലാണ് ഷാരൂഖിന്റെ ശസ്ത്രക്രിയ നടന്നത്. വലതു തോളിലെ മസിലിനുണ്ടായ പരുക്കിനാണ് ശസ്ത്രക്രിയ. 2010 ല്‍ റാ.വണ്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് താരത്തിന്റെ തോളിനു പരുക്കേറ്റത്. എന്നാല്‍ ഒന്നിനു പിറകെ ഒന്നായി സിനിമകളില്‍ അഭിനയിക്കേണ്ടി വന്നതിനെത്തുടര്‍ന്ന് ശസ്ത്രക്രിയ വൈകിക്കുകയായിരുന്നു. ഏറ്റവും അവസാനമായി ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയതിനു ശേഷമാണ് ഷാരൂഖ് ശസ്ത്രക്രിയ വിധേയനാകാന്‍ തയ്യാറായത്. തോളിലെ പരുക്കിനെയും കടുത്ത വേദനയെയും അവഗണിച്ച് ചെന്നൈ എക്‌സ്പ്രസിനായി ആക്ഷന്‍ സീനുകളും ഡാന്‍സ് സീക്വന്‍സുകളും ചെയ്തതോടെ സ്ഥിതി കൂടുതല്‍ മോശമായി. ശസ്ത്രക്രിയയ്ക്കായി ലണ്ടനിലേയ്ക്ക് പോകാനുള്ള തീരുമാനം മാറ്റി നാട്ടില്‍ തന്നെ എത്രയും പെട്ടെന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാകാന്‍ തീരുമാനിക്കുകയായിരുന്നു.

ശസ്ത്രക്രിയയ്ക്കു വിധേയനായ ഷാരൂഖിനൊപ്പം ഭാര്യ ഗൗരിയും മക്കളായ ആര്യനും സുഹാനയും ആശുപത്രിയിലുണ്ട്. ലണ്ടനില്‍ പഠിക്കുന്ന ആര്യന്‍ ഷാരൂഖിന്റെ ശസ്ത്രക്രിയ നടക്കുന്നതിനാല്‍ നാട്ടിലെത്തിയതാണ്. ഷാരൂഖ് ഏതാനും ദിവസം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം ഒരു മാസം വീട്ടില്‍ വിശ്രമിക്കും.