വില്ലകളില്‍ കൂട്ടമായി താമസിക്കുന്ന അവിവാഹിതര്‍ക്കെതിരെ നിയമം കര്‍ശനമാക്കും

single-img
27 May 2013

ദുബായ് : കുടുംബവുമൊത്ത് താമസിക്കുന്നതിനു മാത്രം അനുവാദമുള്ള പ്രദേശങ്ങളിലെ വില്ലകളില്‍ അവിവാഹിതര്‍ കൂട്ടമായി താമസിക്കുന്നത് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ദുബായ് മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. ഇത്തരക്കാരെ കണ്ടെത്തുന്നതിനായി നിരവധി പ്രദേശങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. അല്‍ ജഫ്‌ലിയ, അല്‍ ബദേ, റഷീദിയ, അബു ഹെയ്ല്‍, അല്‍ വുഹൈദ, അല്‍ ത്വാര്‍ എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും അനധികൃതമായി അവിവാഹിത താമസക്കാര്‍ കൂടുതല്‍ ഉള്ളത്. ഈ പ്രദേശങ്ങളില്‍ മെയ് മാസം ആദ്യം മുതല്‍ തന്നെ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. പരിശോധനയ്ക്കിടയില്‍ ഒരു വില്ലയില്‍ 50 ലധികം ആളുകളും ഒരു റൂമില്‍ 15 ലധികം ആളുകളുമൊക്കെ തിങ്ങിപ്പാര്‍ക്കുന്നത് കണ്ടെത്തി. ഇത്തരം വില്ലകളില്‍ ഉള്ളവര്‍ക്ക് ഒഴിഞ്ഞു പോകാന്‍ ഒരു ദിവസത്തെ സമയമാണ് അനുവദിക്കുന്നത്. അനുവദിച്ച സമയത്തിനകം ഒഴിഞ്ഞുപോയില്ലെങ്കില്‍ വൈദ്യുതി, വെള്ളം തുടങ്ങിയ സര്‍വ്വീസുകള്‍ നിര്‍ത്തലാക്കും.

1999 ലെ മുന്‍സിപ്പല്‍ നിയമം അനുസരിച്ച് കുടുംബ സൗഹൃദ മേഖലകളില്‍ അവിവാഹിതര്‍ താമസിക്കുവാന്‍ പാടില്ല. ആരോഗ്യപരമായ കാരണങ്ങളാണ് അവിവാഹിതര്‍ താമസസൗകര്യം പങ്കുവയ്ക്കുന്നത് തടയുന്നതിന് കാരണം. നിയമം അനുസരിച്ച് അവിവാഹിതര്‍ക്ക് വാണിജ്യ പ്രദേശങ്ങളായ അല്‍ ക്വാസ് 4, അല്‍ ഗുസൈസ് 1, ഹൊര്‍ അല്‍ അന്‍സ്, അല്‍ മുടീന തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കാവുന്നതാണ്. ഇവിടെ ഒരു വില്ലയില്‍ ഒരു റൂമില്‍ ഒരാളില്‍ കൂടുതല്‍ തമാസിക്കുവാന്‍ പാടില്ല. മൂന്നു റൂം ഉള്ള വില്ലയില്‍ മൂന്നു പേര്‍ക്കു മാത്രമാണ് താമസിക്കാന്‍ അനുവാദം. എന്നാല്‍ നിയമം ലംഘിച്ച് നിരവധി പേര്‍ അവിവാഹിതര്‍ക്ക് വില്ലകള്‍ വാടകയ്ക്ക് നല്‍കുകയാണ്.