യൂറോപ്പ് കീഴടക്കി ബയേണ്‍

single-img
26 May 2013

രണ്ടില്‍ പിഴച്ചപ്പോള്‍ മൂന്നാം ഊഴത്തില്‍ ബയേണ്‍ കിരീടം കൈപ്പിടിയിലൊതുക്കിയിട്ടേ അടങ്ങിയുള്ളു. 2010 ല്‍ ഇന്റര്‍ മിലാനും 2012 ല്‍ ചെല്‍സിയും വിജയം കൊത്തിപ്പറക്കുന്നത് നിസഹായരായി കണ്ടു നിന്ന ബവേറിയന്‍ പോരാളികള്‍ ഇത്തവണ ജയം വിട്ടു നല്‍കിയില്ല. നാലു വര്‍ഷത്തിനിടയില്‍ ടീം കളിച്ച മൂന്നാമത്തെയും തുടര്‍ച്ചയായ രണ്ടാമത്തെയും ഫൈനലില്‍ ക്ലബ് ചരിത്രത്തിലെ അഞ്ചാം യൂറോപ്യന്‍ ഫുട്‌ബോള്‍ കിരീടമാണ് ബയേണ്‍ ടീം സ്വന്തമാക്കിയത്. വെംബ്ലിയില്‍ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിന്റെ ചരിത്രത്തിലാദ്യമായി ജര്‍മ്മന്‍ ടീമുകള്‍ കലാശപ്പോരാട്ടത്തിനിറങ്ങിയപ്പോള്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് അയല്‍ക്കാരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിനെയാണ് ബയറണ്‍ തറപറ്റിച്ചത്.

വെറ്ററന്‍ താരം ആര്യന്‍ റോബന്റെ ഗോളാണ് ബയറണിന് വിജയമുറപ്പിച്ചത്. കളി ഒരു മണിക്കൂര്‍ പിന്നിട്ടതിനു ശേഷം മരിയോ മന്‍ഡൂസിയിലൂടെയാണ് ബയേണിന്റെ ആദ്യ ഗോള്‍ പിറന്നത്. എന്നാല്‍ എട്ടു മിനിറ്റിനകം ബയേണിന്റെ ആഹ്ലാദമില്ലാതായി. പെനാല്‍റ്റിയുടെ രൂപത്തില്‍ എത്തിയ മറുപടി ഗോളിലൂടെ ഇല്‍കേ ഗുന്തോഗന്‍ ബൊറൂസിയയ്ക്ക് സമനില സമ്മാനിച്ചു. പെനാല്‍റ്റി ബോക്‌സില്‍ മാര്‍കോ റൂസിന്റെ വയറ്റില്‍ ഡാന്റെ ഇടിച്ചതിനാണ് ബൊറൂസിയയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. ഓരോ ഗോളുമായി കളി അധിക സമയത്തേയ്ക്ക് നീങ്ങവേ 89 ാം മിനിറ്റില്‍ ബൊറൂസിയന്‍ പ്രതിരോധത്തെ കബളിപ്പിച്ച് പിഴവുകള്‍ക്കിട നല്‍കാതെ ആര്യന്‍ റോബന്‍ പന്തു വലയിലെത്തിച്ചതോടെ കിരീടവും ബയേണിനു സ്വന്തമായി.
അവിസ്മരണീയമായ പോരാട്ടമാണ് ജര്‍മ്മന്‍ ടീമുകള്‍ ഫൈനലില്‍ കാഴ്ചവച്ചത്. താരതമ്യേന താരനിബിഡമായ ബയേണിനു മുന്നില്‍ യാതൊരു സങ്കോചവുമില്ലാതെ കളിച്ച ബൊറൂസിയ നിരവധി സുവര്‍ണ്ണ നിമിഷങ്ങളും ആരാധകര്‍ക്കു സമ്മാനിച്ചു. തുടക്കം മുതല്‍ മനോഹരമായ ഒരുപിടി അവസരങ്ങള്‍ക്കു അടുത്തെത്തിയ ബൊറൂസിയ ബയേണിന്റെ ഗോളെന്നുറച്ച പല ഷോട്ടുകളെയും രക്ഷപ്പെടുത്തിയതിലൂടെയും കൈയടി നേടി. തിരിച്ചും ഇതു തന്നെയായിരുന്നു അവസ്ഥ. ബയേണിന്റെ ഗോളി മാനുവല്‍ ന്യൂയറും ബൊറൂസിയയുടെ ഗോളിയും നായകനുമായ റോമന്‍ വെയ്ഡന്‍ഫലറും മികച്ച പ്രകടനം തന്നെ പുറത്തെടുക്കുന്നതില്‍ വിജയിച്ചതോടെ ഓള്‍ -ജര്‍മ്മന്‍ ഫൈനലിനും മാറ്റു കൂടി.