ശ്രേഷ്ഠപദത്തിലേറി മലയാളം

single-img
24 May 2013

നാളുകള്‍ നീണ്ട കാത്തിരിപ്പിനു ശുഭപര്യവസാനം, മലയാണ്മയ്ക്കിനി ശ്രേഷ്ഠ പദത്തിന്റെ പ്രൗഡിയും സ്വന്തം. മലയാളത്തിന്റെ നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചതോടെ തിളക്കമാര്‍ന്ന അംഗീകാരമാണ് കൈവന്നിരിക്കുന്നത്. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നല്‍കാനുള്ള തീരുമാനം കൈക്കൊണ്ടത്. ഇന്ത്യയില്‍ ക്ലാസിക്കല്‍ പദവി ലഭിച്ച അഞ്ചാമത്തെ ഭാഷയാണ് മലയാളം.

ദ്രാവിഡ ഗണത്തില്‍ വരുന്ന ദക്ഷിണേന്ത്യന്‍ ഭാഷകളായ തമിഴ്, കന്നട, തെലുങ്ക് എന്നിവയ്ക്കു പുറമേ സംസ്‌കൃതത്തിനു മാത്രമാണ് ഈ പദവി ഉള്ളത്. മലയാളത്തിന്റെ നേട്ടത്തോടെ നാലു ദ്രാവിഡ ഭാഷകള്‍ക്കും ക്ലാസിക്കല്‍ പദവി ലഭിച്ചു എന്ന പ്രത്യേകതയും കൈവന്നു.
മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്‍മാര്‍ക്കൊപ്പം സംസ്ഥാന സര്‍ക്കാരും ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് അമ്മ മലയാളത്തിന് ലഭിച്ച അംഗീകാരം. ക്ലാസിക്കല്‍ പദവി നേട്ടത്തോടെ മലയാളവുമായി ബന്ധപ്പെട്ട ഗവേഷണ പഠനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സെന്റര്‍ ഫോര്‍ ക്ലാസിക്കല്‍ മലയാളം എന്ന പേരില്‍ കേരളത്തില്‍ പഠന കേന്ദ്രം ആരംഭിക്കും. ഇതു കൂടാതെ കേന്ദ്രത്തില്‍ നിന്നുള്ള സാമ്പത്തിക സഹായവും ഭാഷാ പണ്ഡിതര്‍ക്ക് വിവിധ അംഗീകാരങ്ങളും ഇനി മുതല്‍ മലയാളത്തിന് ലഭിക്കും.